LiveTV

Live

Gulf

തൊഴില്‍ വിസ ഇനി തിരുവനന്തപുരം യുഎഇ കൌണ്‍സിലേറ്റില്‍ നിന്നും

Summary
കഴിഞ്ഞമാസം തിരുവനന്തപുരത്ത് യു എ ഇ കോണ്‍സുലേറ്റ് ആരംഭിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള തൊഴിലാളികള്‍ വിസ കൈപറ്റാന്‍ തിരുവനന്തപുരത്ത് എത്തേണ്ടി വരും

തൊഴിലിനായി യു എ ഇയിലേക്ക് വരുന്ന ഇന്ത്യക്കാര്‍ക്ക് നാട്ടിലെ യു എ ഇ കോണ്‍സുലേറ്റ് വഴി വിസ ഇഷ്യൂ ചെയ്യുന്ന നടപടിക്ക് തുടക്കമായി. കഴിഞ്ഞ ദിവസം മുതലാണ് ഈ സംവിധാനം ആരംഭിച്ചത്. കഴിഞ്ഞമാസം തിരുവനന്തപുരത്ത് യു എ ഇ കോണ്‍സുലേറ്റ് ആരംഭിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള തൊഴിലാളികള്‍ വിസ കൈപറ്റാന്‍ തിരുവനന്തപുരത്ത് എത്തേണ്ടി വരും. വിസാ തട്ടിപ്പുകള്‍ കുറക്കാന്‍ നടപടി സഹായകരമാകും എന്നാണ് പ്രതീക്ഷ.

നേരത്തേ തൊഴില്‍വിസക്ക് അപേക്ഷിക്കുന്ന സ്പോണ്‍സര്‍ക്കും കന്പനികള്‍ക്കുമാണ് തൊഴിലാളി യു എ ഇയിലേക്ക് യാത്ര ചെയ്യാനുള്ള എന്‍ട്രി പെര്‍മിറ്റ് നല്‍കിയിരുന്നത്. ഇതോ ഇതിന്റെ പകര്‍പ്പോ നാട്ടിലുള്ള തൊഴിലാളിക്ക് അയച്ചുകൊടുക്കുകയും അതുമായി തൊഴിലാളി യു എ ഇയിലേക്ക് കയറി വരുന്നതുമായിരുന്നു രീതി. എന്നാല്‍ പുതിയ നടപടിക്രമം അനുസരിച്ച് സ്പോണ്‍സര്‍ക്ക് എന്‍ട്രി പെര്‍മിറ്റിന് പകരം റഫറന്‍സ് കോഡാണ് ലഭിക്കുക. ഈ കോഡ് നന്പറും ഒറിജിനല്‍ പാസ്പോര്‍ട്ടുമായി നാട്ടിലെ യു എ ഇ കോണ്‍സുലേറ്റില്‍ എത്തിയാല്‍ എന്‍ട്രി പെര്‍മിറ്റ് നേരിട്ട് തൊഴിലാളിക്ക് കൈപറ്റാം. കഴിഞ്ഞദിവസം അബൂദബി എമിറേറ്റില്‍ നിന്ന് തൊഴില്‍വിസക്ക് അപേക്ഷിച്ച കന്പനികള്‍ക്കെല്ലാം ഇത്തരത്തില്‍ റഫറന്‍സ് കോഡാണ് ലഭിച്ചതെന്ന് ടൈപ്പിംഗ് സെന്ററര്‍ അധികൃതര്‍ പറയുന്നു.

അതേസമയം, നടപടിക്രമങ്ങളിലെ മാറ്റം സംബന്ധിച് ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല. നേരത്തേ ഇന്തോനേഷ്യ, എത്യോപ്യ, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. നാട്ടില്‍ നിന്നുള്ള തൊഴിലാളികള്‍ യു എ ഇയിലെത്തിയ ശേഷമായിരിക്കും മെഡിക്കല്‍, എമിറേറ്റ്സ് ഐഡി തുടങ്ങി വിസ സ്റ്റാന്പിങ് നടപടികള്‍ ആരംഭിക്കുക.