LiveTV

Live

Gulf

യുവാക്കളെ ചതിച്ച് പാസ്‌പോര്‍ട്ടുമായി രക്ഷപ്പെടുന്ന സംഘം സജീവം

യുവാക്കളെ ചതിച്ച് പാസ്‌പോര്‍ട്ടുമായി രക്ഷപ്പെടുന്ന സംഘം സജീവം
Summary
തിരൂര്‍ സ്വദേശിയെ ദോഹയിലെത്തിച്ച ശേഷം പാസ്‌പോര്‍ട്ടുമായി കടന്നുകളഞ്ഞത് ഉറ്റസുഹൃത്ത് തന്നെയാണ്...

യുവാക്കള്‍ക്ക് തൊഴില്‍വാഗ്ദാനം നല്‍കി ഗള്‍ഫിലെത്തിച്ച ശേഷം പാസ്‌പോര്‍ട്ട് കൈക്കലാക്കി രക്ഷപ്പെടുന്ന സംഘം സജീവമാകുന്നു. തിരൂര്‍ സ്വദേശിയെ ദോഹയിലെത്തിച്ച ശേഷം പാസ്‌പോര്‍ട്ടുമായി കടന്നുകളഞ്ഞത് ഉറ്റസുഹൃത്ത് തന്നെയാണ്. ഖത്തറില്‍ ഇതിനകം ഇത്തരം നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

പലവിധ തട്ടിപ്പുകള്‍ നടത്തി ഗള്‍ഫില്‍ നിന്ന് യാത്രാവിലക്കുകള്‍ നേരിടുന്നവരാണ് യുവാക്കളെ ചതിയില്‍പെടുത്തി അവരുടെ പാസ്‌പോര്‍ട്ടുകളുമായി കടന്നു കളയുന്നത്. അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരെ ഖത്തറില്‍ തൊഴില്‍ ശരിപ്പെടുത്തി നല്‍കാമെന്ന വാഗ്ദാനം നല്‍കിയാണ് പരിചയക്കാര്‍ തന്നെ ചതിയില്‍പെടുത്തുന്നത്. ഇങ്ങനെ സുഹൃത്തിന്റെ ചതിയില്‍പെട്ട തിരൂര്‍ വൈലത്തൂര്‍ സ്വദേശിയായ യുവാവ് 8 മാസമായി ഖത്തറില്‍ കുടുങ്ങിക്കിടക്കുകയാണ്. സമാനമായ തട്ടിപ്പിനിരയായ 9 പേര്‍ വേറെയുള്ളതായും യുവാവ് പറഞ്ഞു.

ഖത്തറിലെ പൊലീസിലും രഹസ്യാനോഷണ വിഭാഗത്തിലും ഇന്ത്യന്‍ എംബസിയിലുമെല്ലാം പരാതി നല്‍കി നാട്ടിലേക്കുള്ള ഔട്ട്പാസിനായി കാത്തിരിക്കുകയാണ് ഈ യുവാവിപ്പോള്‍. എംബസിയുടെ സഹായത്തോടെ കല്‍പ്പകഞ്ചേരി പോലീസില്‍ പരാതി നല്‍കിയതായും തട്ടിപ്പുകാരന്‍ ഒളിവില്‍ പോയതായും യുവാവ് മീഡിയാവണിനോട് പറഞ്ഞു.

മറ്റൊരാളുടെ പാസ്‌പോര്‍ട്ടില്‍ യാത്രചെയ്യുകയെന്ന ഗുരുതരമായ കുറ്റകത്യത്തിലേര്‍പ്പെടുന്നവരെ പിടികൂടുന്നതില്‍ നാട്ടിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരും പരാജയപ്പെടുകയാണെന്നാണ് ഇത്തരം സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.