LiveTV

Live

Gulf

സിറിയന്‍ അഭയാര്‍ഥികള്‍ക്കും റോഹിങ്ക്യന്‍ വംശജര്‍ക്കും സൌദി അറേബ്യയുടെ ധനസഹായം

സിറിയന്‍ അഭയാര്‍ഥികള്‍ക്കും റോഹിങ്ക്യന്‍ വംശജര്‍ക്കും സൌദി അറേബ്യയുടെ ധനസഹായം
Summary
റിയാദില്‍ ഇന്റര് കോണ്ടിനെന്റല്‍ ഹോട്ടലില്‍ രണ്ടു ദിവസമായി നടന്ന അന്താരാഷ്ട്ര ജീവകാരുണ്യ ഫോറത്തിലാണ് കരാര്‍ പിറന്നത്

സിറിയന്‍ അഭയാര്‍ഥികള്‍ക്കും വംശഹത്യക്കിരയാകുന്ന റോഹിങ്ക്യന്‍ വംശജര്‍ക്കും സൌദി അറേബ്യ ഒന്നേകാല്‍ കോടി റിയാലിന്റെ ധനസഹായം പ്രഖ്യാപിച്ചു. റിയാദില്‍ നടന്ന കിങ് സല്‍മാന്‍ അന്താരാഷ്ട്ര ജീവകാരുണ്യ ഫോറത്തില്‍ ഇതിനായുള്ള കരാര്‍ ഒപ്പിട്ടു. ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷനുമായാണ് കരാര്‍ ഒപ്പിട്ടത്.

റിയാദില്‍ ഇന്റര് കോണ്ടിനെന്റല്‍ ഹോട്ടലില്‍ രണ്ടു ദിവസമായി നടന്ന അന്താരാഷ്ട്ര ജീവകാരുണ്യ ഫോറത്തിലാണ് കരാര്‍ പിറന്നത്. കിങ് സല്‍മാന്‍ അന്താരാഷ്ട്ര ജീവകാരുണ്യ ഫോറത്തിന് കീഴിലായിരുന്നു ഫോറം. അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനകളും സന്നദ്ധ സേവന സംഘങ്ങളും ഫോറത്തിലെത്തി. വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. കിങ് സല്‍മാന്‍ ജീവകാരുണ്യ കേന്ദ്രമാണ് അന്താരാഷ്ട്ര പലായന സംഘടനയോട് രണ്ട് കരാറുകളില്‍ ഒപ്പിട്ടത്. ഒന്ന് ഗ്രീസിലേക്ക് പലായനം ചെയ്തെത്തിയ സിറിയന്‍ അഭയാര്‍ഥികളെ സഹായിക്കാനാണ്. 42 ലക്ഷം സൌദി റിയാലാണ് ഇതിനായി അനുവദിച്ചത്. രണ്ടാമത്തേത് ബംഗ്ലാദേശില്‍ അഭയം തേടിയ റോഹിങ്ക്യകളെ സഹായിക്കാനാണ്. 87 ലക്ഷം ഡോളറാണ് ഈയിനത്തില്‍ അനുവദിച്ചത്. നേരത്തെ അഞ്ചരക്കോടി റിയാല്‍ റോഹിങ്ക്യകള്‍ക്ക് അനുവദിച്ചതിന് പുറമേയാണിത്. സിറിയന്‍ അഭയാര്‍ഥികള്‍ക്കായി 50 കോടി റിയാലിലേറെ ചിലവഴിച്ചിട്ടുണ്ട് കിങി സല്‍മാന്‍‌ ജീവകാരുണ്യ കേന്ദ്രം. ജീവകാരുണ്യ മേഖലയില്‍ അനുഭവിക്കുന്ന പ്രതിസന്ധികളും പരിഹാരങ്ങളും ചര്‍ച്ച ചെയ്യാനാണ് രണ്ട് ദിവസത്തെ ഫോറം റിയാദില്‍ നടത്തിയത്. ലോകത്തെ വിവിധ സംഘടനകളില്‍ നിന്നായി ആയിരത്തിലേറെ അംഗങ്ങള്‍ പരിപാടിക്കെത്തി.