LiveTV

Live

Gulf

വാറ്റ് നടപ്പാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് നാല് ഗള്‍ഫ് രാജ്യങ്ങള്‍

വാറ്റ് നടപ്പാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് നാല് ഗള്‍ഫ് രാജ്യങ്ങള്‍
Summary
ഈ വർഷം 'വാറ്റ്​' നടപ്പാക്കാൻ ഈ നാല്​ രാജ്യങ്ങൾക്ക്​ സാധിക്കുമോ എന്നകാര്യത്തിലും അവ്യക്തത നിലനില്‍ക്കുന്നുണ്ട് .

മൂല്യവർധിത നികുതി നടപ്പിലാക്കാൻ കൂടുതൽ സമയം വേണമെന്ന നിലപാടുമായി ഖത്തർ ഉൾപ്പെടെ നാല്​ ഗൾഫ്​ രാജ്യങ്ങൾ. ധന കമ്മി പരിഹരിക്കാൻ നികുതി സംവിധാനം ഏർപ്പെടുത്തണമെന്ന ഐഎംഎഫ് സമ്മര്‍ദത്തിന്‍റെ പശ്ചാത്തലത്തിലാണ്​ വിശദീകരണം. നിലവിലെ സാഹചര്യത്തിൽ ഈ വർഷം 'വാറ്റ്​' നടപ്പാക്കാൻ ഈ നാല്​ രാജ്യങ്ങൾക്ക്​ സാധിക്കുമോ എന്നകാര്യത്തിലും അവ്യക്തത നിലനില്‍ക്കുന്നുണ്ട് .

ജനുവരി ഒന്നു മുതലാണ്​ യുഎഇയും സൗദി അറേബ്യയും അഞ്ച്​ ശതമാനം മൂല്യവർധിത നികുതി നടപ്പിലാക്കിയത്​. ഖത്തർ, കുവൈത്ത്​, ഒമാൻ, ബഹ്​റൈൻ എന്നീ രാജ്യങ്ങൾ ഈ വർഷാവസാനത്തോടെയെങ്കിലും വാറ്റ്​ നടപ്പാക്കും എന്നായിരുന്നു ധാരണ. എന്നാൽ സാങ്കേതികമായും രാഷ്ട്രീയമായും മൂല്യവർധിത നികുതി നടപ്പാക്കാൻ ബുദ്ധിമുട്ടുണ്ടെന്ന്​ നാലു രാജ്യങ്ങളും അറിയിച്ചതായി ​ഐഎംഎഫ്​ ധനകാര്യ വകുപ്പ്​ ഡപ്യൂട്ടി ഡയറക്​ടർ അബ്​ദുൽ ഹഖ്​ സെൻഹദ്​ജി വെളിപ്പെടുത്തി. എല്ലാ ഗൾഫ്​ രാജ്യങ്ങളും വാറ്റ്​ നടപ്പാക്കാൻ 2016 ൽ ധാരണ രൂപപ്പെട്ടതാണെങ്കിലും രാഷ്ട്രീയ ഇച്ഛാശക്​തിയുടെ കുറവ്​ കാരണം ചില രാജ്യങ്ങൾ മടിച്ചു നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പെട്രോൾ ബാരലിന്​ 30 വരെ ഇടിഞ്ഞ സാഹചര്യത്തിലായിരുന്നു വാറ്റ്​ നടപ്പാക്കാനുള്ള ജിസിസി തീരുമാനം. എണ്ണവിലയിൽ വർധന വന്നിരിക്കെ, നികുതി ഏർപ്പെടുത്താൻ ധൃതി വേണ്ടെന്നും ചില ഗൾഫ്​ രാജ്യങ്ങൾ കരുതുന്നു. വാറ്റ്​ നടപ്പിലാക്കിയ സൗദി, യുഎഇ എന്നീ രാജ്യങ്ങൾക്ക്​ വലിയ തോതിൽ വരുമാന നേട്ടം ഉറപ്പാക്കാൻ സാധിച്ചതായും ഐഎംഎഫ്​ വിലയിരുത്തുന്നു. നികുതി ഘടനയിലേക്കുള്ള ഗൾഫിന്‍റെ ചുവടുവെപ്പ്​ സാമ്പത്തിക മേഖലയിൽ മികച്ച പിൻബലമാകുമെന്നാണ്​ ​ഐഎംഎഫ്​ നിർദേശം. അതേസമയം, കോർപറേറ്റ്​ നികുതി, ആഡംബര വാഹന നികുതി എന്നിവയും യുഎഇയുടെ പരിഗണനയിൽ ഉണ്ട്​. ആദായനികുതി ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കില്ലെന്നാണ്​ യുഎഇയും സൗദിയും വെളിപ്പെടുത്തിയത്​.