LiveTV

Live

Gulf

മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന്​ മെയ്​ മാസം മുതൽ ദുബൈയില്‍ ഫീസ്​ ഇടാക്കും

മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന്​ മെയ്​ മാസം മുതൽ ദുബൈയില്‍ ഫീസ്​ ഇടാക്കും
Summary
ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടിവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ അൽ മക്​തും ആണ് ഉത്തരവ് പ്രഖ്യാപിച്ചത്

വിവിധ തരം മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന്​ മെയ്​ മാസം മുതൽ ദുബൈയില്‍ ഫീസ്​ ഇടാക്കും. സുസ്​ഥിര മാലിന്യ നിര്‍മാര്‍ജനത്തിന്റെയും ഉറവിട മാലിന്യ സംസ്കരണത്തിന്റെയും അന്താരാഷ്​ട്ര മാതൃകകൾ പ്രാവർത്തികമാക്കാനുള്ള നടപടികളുടെ ഭാഗമായാണിത്​. മാലിന്യത്തിന്റെ തോത്​ കുറക്കുക, വസ്​തുക്കളുടെ പുനരുപയോഗം സാധ്യമാക്കുക, സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയവയാണ് ലക്ഷ്യം.

ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടിവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ അൽ മക്​തും ആണ് ഉത്തരവ് പ്രഖ്യാപിച്ചത്. ദുബൈ നഗരസഭക്കാണ്​ ഉത്തരവിന്റെ നിർവഹണ ചുമതല. മെയ്​ 17 മുതൽ ഫീസുകൾ നിലവിൽ വരുമെന്നും ഗാർഹിക മാലിന്യങ്ങൾ ഉത്തരവി​െൻറ പരിധിയിൽ വരില്ലെന്നും ദുബൈ നഗരസഭ മാലിന്യ മാനേജ്​മെൻറ്​ വിഭാഗം ഡയറക്​ടർ അബ്​ദുൽ മജീദ്​ സിഫാഇ പറഞ്ഞു. വ്യവസായ സ്​ഥാപനങ്ങൾ, പൊതുകാര്യ സ്​ഥാപനങ്ങൾ, ഫാക്​ടറികൾ എന്നിവയിൽ നിന്നാണ്​ പണം ഈ ടാക്കുക.

ജനറൽ വേസ്​റ്റ്​, ആവശ്യമില്ലാത്ത വസ്​തുക്കൾ, അപകടകരമായ മാലിന്യം, ആശുപത്രി അനുബന്ധ മാലിന്യം എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി തിരിച്ചാണ്​ ഫീസ്​ ചുമത്തുക. ഈ വർഷം ചുമത്തുന്ന ഫീസ്​ അടുത്ത വർഷങ്ങളിൽ വർധിക്കും. മുനിസിപ്പാലിറ്റി മാലിന്യത്തിന്​ ഈ വർഷം ടൺ ഒന്നിന്​ 80 ദിർഹമാണ്​ ഇടാക്കുക. 2019ൽ 90,2020ൽ 100 ദിർഹം വീതം നൽകേണ്ടി വരും.

ജൈവമാലിന്യങ്ങൾക്ക്​ ഈ വർഷം ടണ്ണിന്​ 30 ദിർഹമാണ്​ നിരക്ക്​. ജൈവമാലിന്യങ്ങളുമായി കൂടിക്കിടക്കുന്ന പുനരുപയോഗം ചെയ്യാവുന്ന മാലിന്യങ്ങൾക്കും 30 ദിർഹം ഈടാക്കും. എന്നാൽ ജൈവമാലിന്യം ഇല്ലാത്തവയാണെങ്കിൽ 20 ദിർഹം നൽകിയാൽ മതി. കൃഷി അനുബന്ധ മാലിന്യങ്ങൾ നീക്കുന്നതിന്​ 10 ദിർഹമാണ്​ ടൺ ഒന്നിന്​ ഈടാക്കുക. നിർമാണ അവശിഷ്​ടങ്ങൾക്ക്​ 10 ദിർഹമാണ്​ ഈടാക്കുക. എന്നാൽ കോൺക്രീറ്റ്​, മരം തുടങ്ങിയവക്ക്​ രണ്ട്​ ദിർഹം മതിയാവും. മാലിന്യങ്ങളിൽ ചിലത്​ സംസ്​കരിച്ച്​ വളമാക്കി മാറ്റും.മറ്റു ചില വിഭാഗങ്ങളിലുള്ളവ കുഴിച്ചു മൂടും.

കടലാസ്​, ടേപ്പുകൾ,സി.ഡി, തുകൽ, റബ്ബർ, സ്​പോഞ്ച്​, തുണി, ഉപയോഗ യോഗ്യമല്ലാത്ത ഭക്ഷണം എന്നിവ നീക്കം ചെയ്യാൻ ടണ്ണിന്​ 200 ദിർഹം നൽകണം. പൊതു ആശുപത്രികളിൽ നിന്നുള്ള മാലിന്യം കിലോ ഒന്നിന്​ മൂന്ന്​ ദിർഹം നിരക്കിലാണ്​ നീക്കുക. സ്വകാര്യ മേഖലയിൽ ഇത്​ ഇരട്ടിയാവും.