LiveTV

Live

Gulf

സൗദി അരാംകോ ഓഹരി വിപണിയിലേക്ക്

സൗദി അരാംകോ ഓഹരി വിപണിയിലേക്ക്
Summary
ഇതിനായുള്ള നിര്‍ണായക ചര്‍‌ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്

ലോകത്തെ ഏറ്റവും വലിയ ഓയില്‍ ഭീമന്‍ സൗദി അരാംകോ ഓഹരി വിപണിയിലേക്ക് പ്രവേശിക്കുന്നു. ഇതിനായുള്ള നിര്‍ണായക ചര്‍‌ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ചൈനയും ജപ്പാനുമാണ് അരാംകോ പ്രധാന വിപണിയായി കാണുന്നത്. അമേരിക്കയും ബ്രിട്ടനും വിപണിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്തുണ്ട്.

സൗദി അരാംകോ കമ്പനി ഓഹരികള്‍ പൊതു വിപണിയിലിറക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ നടക്കുന്നതായി അന്താരാഷ്ട്ര സാമ്പത്തിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൈന, ജപ്പാന്‍, തെക്കന്‍ കൊറിയ എന്നീ രാജ്യങ്ങളിലെ ഓഹരി വിപണി അരാംകോയെ സംബന്ധിച്ച് സുപ്രധാനമാണ്. ചൈനയുമായുള്ള ചര്‍ച്ച അവസാന ഘട്ടത്തിലാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം അമേരിക്കയുടെ ഓഹരി വിപണി കൂടി പരിഗണിക്കണമെന്ന് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപും ലണ്ടന്‍ വിപണിയില്‍ കൂടി ഓഹരികള്‍ ഇറക്കണമെന്ന് തെരേസ മെയും ആവശ്യപ്പെട്ടിട്ടുണ്ട്.സൗദി വിഷന്‍ 2030ന്റെ ഭാഗമായാണ് അരാംകോയുടെ മൊത്തം ആസ്തിയുടെ അഞ്ച് ശതമാനം പൊതുവിപണിയിലിറക്കാന്‍ തീരുമാനിച്ചത്. 2018 ആദ്യപാദത്തില്‍ ഓഹരികള്‍ വിപണിയിലിറക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഊര്‍ജ്ജ, വ്യവസായ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹും നേരത്തെ വ്യക്തമാക്കിയിരുന്നു. സൗദി സര്‍ക്കാര്‍ അധീനതയിലുള്ള ഭീമന്‍ എണ്ണക്കമ്പനിയുടെ അഞ്ച് ശതമാനം ഓഹരികളുടെ കടന്നുവരവ് സാമ്പത്തിക മേഖലയില്‍ വന്‍ ഉണര്‍വുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.