LiveTV

Live

Gulf

സൗദിയില്‍ ധാന്യപ്പൊടി മേഖല സ്വകാര്യവത്കരിക്കും

സൗദിയില്‍ ധാന്യപ്പൊടി മേഖല സ്വകാര്യവത്കരിക്കും
Summary
പ്രധാന ഭക്ഷ്യ വിഭവമായ ഖുബ്സിന്റെ സബ്സിഡി എടുത്ത് കളയുന്നതോടെ വിലയേറും

സൗദിയില്‍ ധാന്യപ്പൊടി മേഖല സ്വകാര്യവത്കരിക്കാന്‍ ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി. പ്രധാന ഭക്ഷ്യ വിഭവമായ ഖുബ്സിന്റെ സബ്സിഡി എടുത്ത് കളയുന്നതോടെ വിലയേറും. സ്വകാര്യ മേഖലയില്‍ പുതിയ പൊടിമില്ലുകള്‍ സ്ഥാപിക്കാനും തീരുമാനമായി.

തിങ്കളാഴ്ച തലസ്ഥാനത്ത് ചേര്‍ന്ന ശൂറ കൗണ്‍സില്‍ യോഗമാണ് നിയമാവലിക്ക് അംഗീകാരം നല്‍കിയത്. സ്വകാര്യവത്കരണത്തിന്റെ മുന്നോടിയായി 29 അനുഛേദങ്ങളുള്ളതാണ് നിയമാവലി. സ്വകാര്യ മേഖലയില്‍ പുതിയ പൊടിമില്ലുകള്‍ സ്ഥാപിക്കാനും തീരുമാനമായി. ഒപ്പം ഈ മേഖലയിലെ സ്വകാര്യ മുതല്‍മുടക്കിന് പ്രേരിപ്പിക്കാനും പ്രേരിപ്പിക്കുന്നതാണ് പുതിയ നിയമാവലി. എന്നാല്‍ സ്വകാര്യവത്കരണത്തോടെ സബ്സിഡി നിര്‍ത്തലാക്കുമെന്നും രാജ്യത്തെ സാധാരണക്കാരുടെ അടിസ്ഥാന ഭക്ഷ്യവിഭവമായ ഖുബ്സിന് വില വര്‍ധിക്കുമെന്നും ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ ആശങ്ക അറിയിച്ചു. ഖുബ്സിന് സര്‍ക്കാര്‍ സബ്സിഡി കാരണമാണ് തുഛവിലക്ക് ലഭിക്കുന്നത്. സബ്സിഡി കാരണം ഭക്ഷണം അനിയന്ത്രിതമായി പാഴാക്കുന്നുണ്ടെന്നും കാലിത്തീറ്റക്ക് വരെ ഉപയോഗിക്കുന്നുണ്ടെന്നും ശൂറ കൗണ്‍സിലില്‍ നേരത്തെ അഭിപ്രായമുര്‍ന്നിരുന്നു. ഖുബ്സിന് പുറമെ പൊടിയുല്‍പന്നങ്ങള്‍ക്ക് മൊത്തത്തില്‍ വില വര്‍ധിക്കാന്‍ സ്വകാര്യവത്കരണം കാരണമാവുമെന്നും ഇത് രാജ്യത്തെ സാധാരണക്കാരുടെ ജീവിതച്ചെലവ് അവതാളത്തിലാക്കുമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച ശൂറ കൗണ്‍സില്‍ അംഗം ഡോ. മുഹമ്മദ് ആല്‍ അബ്ബാസ് ആശങ്കപ്പെട്ടു. സ്വകാര്യവത്കരണത്തിന് അംഗീകാരം നല്‍കുന്ന വില നിയന്ത്രണത്തിനുള്ള നടപടികളും സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.