LiveTV

Live

Gulf

സൌദിയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ്; പ്രത്യേക നിബന്ധനകളില്ല

സൌദിയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ്; പ്രത്യേക നിബന്ധനകളില്ല
Summary
ഗുരുതര നിയമ ലംഘനങ്ങള്‍ക്ക് രാജ്യത്ത് ഈടാക്കുന്ന പിഴ വര്‍ധിപ്പിക്കാനും തീരുമാനിച്ചു.

സൌദിയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് പ്രത്യേക വ്യവസ്ഥകളോ ഇളവോ ഉണ്ടാകില്ലെന്ന് ട്രാഫിക് ഡയറക്ടറേറ്റ്. വനിതകള്‍ക്കായുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ബോധവത്കരണ ക്ലാസിലാണ് ട്രാഫിക് വിഭാഗത്തിന്റെ വിശദീകരണം. ഗുരുതര നിയമ ലംഘനങ്ങള്‍ക്ക് രാജ്യത്ത് ഈടാക്കുന്ന പിഴ വര്‍ധിപ്പിക്കാനും തീരുമാനിച്ചു.

ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ രാജ്യത്ത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ രീതിയാണുള്ളത്. വനിതകള്‍ക്ക് മാത്രമായി പ്രത്യേക നിബന്ധനകളില്ല. ഇളവുകളും ഇല്ല. ഇത് സംബന്ധിച്ച് തെറ്റായി പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കിടെയാണ് വിശദീകരണം. ടാക്സി ഡ്രൈവര്‍മാരായി വനിതകള്‍ക്കും ജോലി ചെയ്യാം. ഇതിനായി പദ്ധതി വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യത്തെ ട്രാഫിക് നിയമങ്ങളില്‍ പരിഷ്കരണം വന്നേക്കും. ചില ഗുരുതര ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ വര്‍ധിപ്പാക്കാനും ട്രാഫിക് വിഭാഗം നീക്കത്തിലാണ്. ഗതാഗത നിയമലംഘനം പരിശോധിക്കാന്‍ കൂടുതല്‍ തെരുവുകളില്‍ അത്യാധുനിക ക്യാമറകള്‍ ഘടിപ്പിക്കും. സുരക്ഷിതമായ ഡ്രൈവിങിന് വനിതാ ജീവനക്കാര്‍ക്ക് മന്ത്രാലയങ്ങള്‍ പരിശീലനം നല്‍കി വരുന്നുണ്ട്. 2018 ജൂണ്‍ 24 മുതലാണ് സൌദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാനാവുക. ഇതിന് മുന്നോടിയായി ഡ്രൈവിങ് സ്കൂളികള്‍ വിവിധ സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് സജ്ജീകരിക്കുന്നുണ്ട്. രാജ്യത്തെ വിവിധ മന്ത്രാലയങ്ങളില്‍ വിദേശത്ത് ഡ്രൈവിങ് ലൈസന്‍സുള്ള വനിതാ ജീവനക്കാരുണ്ട്. ട്രാഫിക് ബോധവത്കരണത്തിന് ഇവരുടെ സേവനം ട്രാഫിക് വിഭാഗം ഉപയോഗപ്പെടുത്തും.