LiveTV

Live

Gulf

സൌദിയില്‍ ഇന്റര്‍നെറ്റ് കോളുകള്‍ക്ക് അനുമതി

സൌദിയില്‍ ഇന്റര്‍നെറ്റ് കോളുകള്‍ക്ക് അനുമതി
Summary
ഇതോടെ വാട്ട്സ് ആപ്പ് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ വഴി ഇനി വിളിക്കാം

സൌദിയില്‍ ഇന്റര്‍നെറ്റ് കോളുകള്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള തീരുമാനം പ്രാബല്യത്തിലായി. ഇതോടെ വാട്ട്സ് ആപ്പ് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ വഴി ഇനി വിളിക്കാം. സേവനം രാജ്യത്തുടനീളം ലഭ്യമാണ്.

ഇന്റര്‍നെറ്റ് വഴി സംസാരിക്കാനും വീഡിയോ കോള്‍ ചെയ്യാനുമുള്ള സംവിധാനമാണ് വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍. അഥവാ വി ഒ ഐ പി. തിനുള്ള നിരോധനം നീക്കാന്‍ സൗദി അറേബ്യന്‍ വാര്‍ത്താവിതരണ-വിവര മന്ത്രാലയം തീരുമാനിച്ചിരുന്നു. അതാണ് പ്രാബല്യത്തിലായത്. അതായത് വാട്ട്സ് അപ്പ്, സ്കൈപ്പ്, ഡുവോ, വൈബര്‍ തുടങ്ങിയ ആപ്ലിക്കേഷന്‍ വഴിയുള്ള ഓഡിയോ വീഡിയോ കോളുകള്‍ സൌദിയില്‍ ലഭ്യമാണിപ്പോള്‍. പ്രവാസികള്‍ക്കാണ് തീരുമാനം ഏറെ ഗുണം ചെയ്യുക. ദേശീയ അന്തര്‍ദേശീയ ഫോണ്‍കോളുകള്‍ക്ക് വലിയ ചെലവുണ്ട് പ്രവാസികള്‍ക്ക്. ഇത് കുറക്കാനാകും. തീരുമാനം രാജ്യത്തെ ടെലികോം കമ്പനികള്‍ക്ക് തിരിച്ചടിയാകും.

വാര്‍ത്താവിതരണ മന്ത്രി അബ്ദുല്ല അല്‍ സവാഹാണ് ഈ വാര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലൂടെ പുറത്തുവിട്ടത്. ഇതിനു പിന്നാലെ ടെലകോം വിഭാഗവുമായി സഹകരിച്ചാണ് വിലക്ക് നീക്കിയത്. സൗദിയുടെ വിഷന്‍ 2030ന്റെ ചുവടുപിടിച്ചാണ് പുതിയ മാറ്റം. രാജ്യത്ത് വ്യാപാര ഉപഭോക്തൃ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സുരക്ഷാ നടപടിക്രമങ്ങള്‍ പാലിക്കാന്‍ അതത് കമ്പനികള്‍ക്ക് നിര്‍ദേശവുമുണ്ട്.