LiveTV

Live

Gulf

കുവൈത്തിൽ വിദേശികള്‍ക്കുള്ള പുതുക്കിയ ചികിത്സാ നിരക്കുകൾ പ്രഖ്യാപിച്ചു

കുവൈത്തിൽ    വിദേശികള്‍ക്കുള്ള  പുതുക്കിയ ചികിത്സാ നിരക്കുകൾ പ്രഖ്യാപിച്ചു
Summary
നേരത്തെ സൗജന്യമായിരുന്ന പല സേവനങ്ങൾക്കും  50 ദിനാർ വരെ ഫീസ്  നിർബന്ധമാക്കി . സന്ദർശകർക്കും സ്ഥിരതാമസക്കാർക്കും  ഒക്ടോബർ ഒന്ന് മുതൽ നിരക്ക് വർധന ബാധമാക്കാനാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം 

കുവൈത്തിൽ വിദേശികളുടെ പുതുക്കിയ ചികിത്സാ നിരക്കുകൾ പ്രഖ്യാപിച്ചു . നേരത്തെ സൗജന്യമായിരുന്ന പല സേവനങ്ങൾക്കും 50 ദിനാർ വരെ ഫീസ് നിർബന്ധമാക്കി . സന്ദർശകർക്കും സ്ഥിരതാമസക്കാർക്കും ഒക്ടോബർ ഒന്ന് മുതൽ നിരക്ക് വർധന ബാധമാക്കാനാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം

സ്ഥിരതാമസക്കാരായ വിദേശികളിൽ നിന്നും സന്ദർശന വിസയിലെത്തുന്നവരിൽ നിന്നും വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുക . ആരോഗ്യ ഇൻഷുറൻസ് അടക്കുന്നവരും സ്ഥിരതാമസക്കാരുമായ വിദേശികളുടെ പരിശോധനാ ഫീസ് ക്ലിനിക്കുകളിൽ നേരത്തെ ഒരു ദിനാർ ഈടാക്കിയിരുന്നത് 2 ദിനാർ ആയും ആശുപത്രികളിൽ 2 ദിനാർ ആയിരുന്നത് അഞ്ചു ദിനാർ ആയും വർദ്ധിക്കും . ആശുപത്രികളിലെ പ്രത്യേക ഔട്ട് പേഷ്യന്റ് ക്ലിനിക്കുകളിൽ പത്തു ദിനാർ ആണ് ഫീസ് . ഇതിനു പുറമെ പ്രാഥമിക ലാബ് ടെസ്റ്റുകൾ റെഗുലർ എക്സ് റേ എന്നിവ ഒഴികെ ഉള്ള എല്ലാ സേവനങ്ങൾക്കും പ്രത്യേക ഫീസ് നൽകേണ്ടിവരും .

ആശുപത്രിയിൽ അഡ്മിറ്റാകുന്നവർ ജനറൽ വാർഡിനു ഓരോ ദിവസത്തിനും പത്തു ദിനാർ നൽകണം . 30 ദിനാർ ആണ് പ്രതിദിന ഐസിയു ഫീസ് . നിലവിൽ ഐ സിയു ജനറൽ വാർഡ് എന്നിവയിൽ തികച്ചും സൗജന്യമായി ലഭിക്കുന്ന സേവനങ്ങൾക്കാണ് ഫീസ് ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ നിരക്കനുസരിച്ച് പ്രൈവറ്റ് റൂം ലഭിക്കണമെങ്കിൽ ഓരോ ദിവസത്തിനും 50 ദിനാർ വീതം നൽകുന്നതിന് പുറമെ 200 ദിനാർ കെട്ടിവെക്കുകയും വേണം . മാതൃശിശു ആശുപത്രിയിലെ പരിശോധനക്ക് പത്തു ദിനാറും പ്രസവത്തിനു മൂന്നു ദിവസത്തെ ആശുപത്രി വാസം ഉൾപ്പെടെ അമ്പതു ദിനാറും നൽകണം.

മൂന്നു ദിവസത്തിൽ കൂടുതൽ ആശുപത്രിവാസം ആവശ്യമാണെങ്കിൽ അധികമുള്ള ഓരോ ദിവസത്തിനും 10 ദിനാർ വീതം നൽകണം . സന്ദർശന വിസയിലുള്ളവർക്കു ക്ലിനിക്കുകളിൽ 10 ദിനാറും ആശുപത്രികളിൽ 20 ദിനാറും സ്‌പെഷ്യൽ ഒപി ക്ലിനിക്കുകളിൽ 30 ദിനാറും ആണ് പരിശോധനാഫീസ്. ജനറൽ വാർഡിലെ താമസത്തിനു 150 ദിനാർ കെട്ടിവെക്കുകയും ഓരോ ദിവസത്തിനും 70 വീതം അടക്കുകയും വേണം 220 ദിനാറാണ് സന്ദർശകവിസയിലുള്ളവരുടെ പ്രതിദിന ഐ സി യു ഫീസ് . ചികിത്സ പ്രൈവറ് റൂമിലാണെങ്കിൽ 130 ദിനാർ പ്രതിദിന വാടകക്കു പുറമെ 300 ദിനാർ കെട്ടിവെക്കുകയും വേണം. ശസ്ത്രക്രിയകൾ മേജർ ആണെങ്കിൽ 500 ദിനാർ. മീഡിയം റിസ്ക് വിഭാഗത്തിൽ പെടുന്നതാണെങ്കിൽ 300 ദിനാർ . മൈനർ ആണെങ്കിൽ 250 ദിനാർ എന്നിങ്ങനെയാണ് ഫീസ് നിശ്ചയിച്ചിട്ടുള്ളത് .ഒക്ടോബർ ഒന്ന് മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിലാകുക .