LiveTV

Live

Gulf

ഫ്ലെക്‍സിബിൾ വർക് പെർമിറ്റ്; പ്രവാസികൾ മധ്യവർത്തികളുടെ വലയിൽ വീഴരുതെന്ന് ബഹ്‍‍റൈന്‍ ലേബർ റഗുലേറ്ററി അതോറിറ്റി

ഫ്ലെക്‍സിബിൾ വർക് പെർമിറ്റ്; പ്രവാസികൾ മധ്യവർത്തികളുടെ വലയിൽ വീഴരുതെന്ന് ബഹ്‍‍റൈന്‍ ലേബർ റഗുലേറ്ററി അതോറിറ്റി
Summary
ഫ്ളക്സിബിൾ വർക്കിംഗ് പെർമിറ്റുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് ഏജന്റുമാർ സാധാരണക്കാരെ ചൂഷണം ചെയ്യന്നതിനെക്കുറിച്ചാണ് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി മുന്നറിയിപ്പ് നൽകിയത്

ബഹ്‍റൈനിൽ പുതുതായി അനുവദിച്ചു തുടങ്ങിയ ഫ്ലെക്‍സിബിൾ വർക് പെർമിറ്റ് എടുക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾ മധ്യവർത്തികളുടെ വലയിൽ വീഴരുതെന്ന് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി. പെർമിറ്റ് സംബന്ധമായ കാര്യങ്ങൾക്ക് എൽ.എം.ആർ.എയുമായി നേരിട്ട് ബന്ധപ്പെടണമെന്നും അതോറിറ്റി അറിയിച്ചു.

ഫ്ളക്സിബിൾ വർക്കിംഗ് പെർമിറ്റുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് ഏജന്റുമാർ സാധാരണക്കാരെ ചൂഷണം ചെയ്യന്നതിനെക്കുറിച്ചാണ് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി മുന്നറിയിപ്പ് നൽകിയത്. പുതുതായി അനുവദിക്കുന്ന ഫ്ളസ്കിബിൾ വർക്ക് പെർമിറ്റ് രീതി വളരെ ലളിതമാണെന്നും ഇതുമായി ബന്ധപ്പെട്ട് മധ്യവർത്തികളുടെ സഹായം തേടേണ്ട ആവശ്യമില്ലെന്നും എൽ.എം. ആർ.എ ചീഫ് എക്സിക്യുട്ടീവ് ഉസാമ അൽ അബ് സി വ്യക്തമാക്കി. പെർമിറ്റുമായി ബന്ധപ്പെട്ട് ചൂഷണം നടന്നാൽ അത് പദ്ധതിക്ക് എതിരായ സന്ദേശമാണ് നൽകുക. അത് കൊണ്ട് തന്നെ ചൂഷണം തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. ഈ മാസം ഇരുപത്തി മൂന്നാം തിയ്യതി സിത്രയിലെ എൽ.എം. ആർ എ ഓഫീസിൽ നിന്നാണ് ഫ്ളക്സിബിൾ വർക്കിംഗ് പെർമിറ്റുകൾ അനുവദിച്ചു തുടങ്ങിയത്. പ്രവാസികളിൽ നിന്ന് മികച്ച പ്രതികരണമാണ് പുതിയ പരിഷ്കാരത്തിന് ലഭിക്കുന്നത്. വിവിധ തൊഴിലുടമകൾക്ക് കീഴിൽ ജോലി ചെയ്യാൻ സഹായിക്കുന്ന പുതിയ പെർമിറ്റുകൾ നേടുവാനായി നിരവധി പേർ എൽ.എം.ആർ.എ ഓഫീസിലെത്തുന്നുണ്ട്. പ്രതിമാസം 2000 ഫ്ലക്സി വർക് പെർമിറ്റുകളും ഹോസ്പിറ്റാലിറ്റി വർക് പെർമിറ്റുകളുമാണ് അനുവദിക്കുക. വ്യത്യസ്ത തൊഴിലുടമകളുടെ കീഴിൽ തൊഴിലാളികൾക്ക് വിവിധ ജോലികൾ പാർട് ടൈം ആയോ മുഴുവൻ സമയമായോ ചെയ്യാൻ നിയമപരമായി തന്നെ സാധിക്കുന്ന രീതിയിൽ ഗൾഫ് മേഖലയിൽത്തന്നെ നടപ്പിലാക്കുന്ന ആദ്യ പരിഷ്കാരമാണിത്. ഈ വർക്കിങ് പെർമിറ്റ് നേടുന്നവർക്ക് പ്രത്യേക തിരിച്ചറിയൽ കാർഡ് എൽ.എം. ആർ എ അനുവദിക്കുന്നുണ്ട്. ഫ്ളക്സിബിൾ വർക്ക് പെർമിറ്റിനെക്കുറിച്ച് അറിയാൻ താൽപര്യമുള്ളവർക്ക് 17103103 എന്ന നമ്പറിൽ വിളിക്കുകയോ www.lmra.bh എന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ ചെയ്യാമെന്നും എൽ.എം. ആർ എ അധിക്യതർ കൂട്ടിച്ചേർത്തു.