LiveTV

Live

Gulf

സൌദിയില്‍ ആശ്രിത ഫീസുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങളും അഭ്യൂഹങ്ങളും ശക്തമാകുന്നു

സൌദിയില്‍ ആശ്രിത ഫീസുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങളും അഭ്യൂഹങ്ങളും ശക്തമാകുന്നു
Summary
വാട്സാപ്പ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ ഇത് വൈറലായതോടെ പത്രം തന്നെ നിഷേധക്കുറിപ്പുമായി രംഗത്തുവരികയായിരുന്നു. ആശ്രിത ഫീസുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ നിരവധി വ്യാജ വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്

സൌദിയില്‍ ശനിയാഴ്ച മുതല്‍ നിലവില്‍ വന്ന ആശ്രിത ഫീസുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങളും അഭ്യൂഹങ്ങളും ശക്തമാകുന്നു. ആശ്രിത ഫീസ് പിൻവലിച്ചു എന്നതാണ് ഇതില്‍ ഏറ്റവും അവസനത്തേത്. പ്രമുഖ അറബി പത്രങ്ങളുടെ വ്യാജ പതിപ്പ് സഹിതമാണ് ഫീസ് പിന്‍വലിച്ചുവെന്നുള്ള വ്യാജ പ്രചരണം നടത്തിയത്. അതേ സമയം ഒരാളെയും ആശ്രിത ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് പാസ്പോര്‍ട്ട് വിഭാഗം ആവര്‍ത്തിച്ച് വ്യക്തമാക്കി.

വിദേശികളുടെ കുടുംബങ്ങൾക്ക് ഏർപ്പെടുത്തിയ ആശ്രിത ഫീസ് പിൻവലിച്ചു എന്ന രീതിയിലാണ് വ്യാജ പ്രചരണം. സൗദിയിലെ പ്രമുഖ പത്രമായ അൽ റിയാദിന്റെ വ്യാജ പതിപ്പ് സഹിതമാണ് തിങ്കളാഴ്ച രാവിലെ മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരണം നടന്നത്. അതേ സമയം വാർത്ത വ്യാജമാണെന്ന് അൽ റിയാദ് പത്രത്തിന്റെ അധികൃതർ ടിറ്ററിൽ വ്യക്തമാക്കി. രാജ്യത്തിന്‍്റെ സാമ്പത്തിക പുരോഗതി വിദേശികളുടെ ചുമലില്‍ കെട്ടിവെക്കേണ്ടതില്ല. ഇഖാമ പുതുക്കുമ്പോഴോ റീ എന്‍ട്രി അടിക്കുമ്പോഴോ വിദേശികള്‍ ആശ്രിതരുടെ ഫീസ് അടക്കേണ്ടതില്ല, കഴിഞ്ഞ ദിവസങ്ങളില്‍ അടച്ചവര്‍ക്ക് അവരുടെ ബാങ്ക് എകൗണ്ട് വഴി തിരിച്ചുനല്‍കും. ഇത്തരത്തിലുള്ള പ്രസ്താവനകളാണ് റോയല്‍ കോര്‍ട്ടിന്‍റെ വിജ്ഞാപനം എന്ന പേരില്‍ വന്ന വ്യാജ വാര്‍ത്തയില്‍ പറയുന്നത്. വാട്സാപ്പ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ ഇത് വൈറലായതോടെ പത്രം തന്നെ നിഷേധക്കുറിപ്പുമായി രംഗത്തുവരികയായിരുന്നു. ആശ്രിത ഫീസുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ നിരവധി വ്യാജ വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങളുടെയോ പാസ്പോര്‍ട്ട് വിഭാഗത്തിന്‍റെയോ ഔദ്യോഗിക പ്രസ്താവന പുറത്തു വരത്തതാണ് അഭ്യൂഹങ്ങള്‍ വര്‍ധിക്കാനും പ്രചരിക്കാനും കാരണം. ഏതെങ്കിലും രാജ്യക്കാരെ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് സൌദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫൈനല്‍ എക്സിറ്റില്‍ പോകുന്നവര്‍ക്ക് ഫീസ് ബാധകമല്ലെന്ന് ചില റിപ്പോര്‍ട്ടുകളുണ്ടെങ്കിലും എക്സിറ്റ് അടിച്ചവരും ഫീസ് അടച്ചതാണ് പലരുടെയും അനുഭവം. ഭാര്യ, 18 വയസ്സിന് താഴെയുള്ള മക്കള്‍ എന്നിവരുള്‍പ്പെടുന്ന 'താബിഉ'കള്‍ക്കള്‍ക്കും രണ്ടാം ഭാര്യ, 18 വയസ്സിന് മുകളിലുള്ള മക്കള്‍, മാതാപിതാക്കള്‍, സേവകര്‍ തുടങ്ങിയ നേരിട്ട് വിദേശികളുടെ സ്പോണ്‍സര്‍ഷിപ്പിലുള്ള 'മുറാഫിഖ്' ഗണത്തിലുള്ളവര്‍ക്കും ഫീസ് ബാധകമാണ്. ജൂലൈ ഒന്നിന് മുന്പ് ഇഖാമ പുതുക്കിയവരും റീ എന്‍ട്രി വിസ ഇഷ്യു ചെയ്തവരും അടുത്ത സന്ദര്‍ഭത്തില്‍ മുന്‍കാല പ്രാബല്യത്തോടെ ഫീസ് അടക്കേണ്ടിവരും.