LiveTV

Live

Gulf

യാചകര്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലീസ്

യാചകര്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലീസ്
Summary
സർക്കാരിന്‍റെയും പ്രാദേശിക അധികാരികളുടെയും സഹകരണത്തോടെ വ്യാപക പട്രോളിങ്​ നടത്താനാണ്​ തീരുമാനമെന്ന്​ ദുബൈ പൊലീസ്​ വ്യക്തമാക്കി.

വിശ്വാസികളുടെ ദീനാനുകമ്പയെ ചൂഷണം ചെയ്യാൻ നഗരത്തിലിറങ്ങുന്ന യാചക സംഘങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി ദുബൈ പൊലീസ്​. സർക്കാരിന്‍റെയും പ്രാദേശിക അധികാരികളുടെയും സഹകരണത്തോടെ വ്യാപക പട്രോളിങ്​ നടത്താനാണ്​ തീരുമാനമെന്ന്​ ദുബൈ പൊലീസ്​ വ്യക്തമാക്കി.

യാചകർ കൂടുതലായി തമ്പടിക്കാൻ ശ്രമിക്കുന്ന മാർക്കറ്റുകൾ, താമസ കേന്ദ്രങ്ങൾ, പള്ളികൾ, കാർ പാർക്കിങ്​ ഏരിയ, റമദാൻ ടെൻറുകൾ തുടങ്ങിയ പ്രദേശങ്ങളിൽ സിവിലിയൻ പട്രോൾ സംഘങ്ങളെ വിന്യസിക്കും. ഇത്തരം സംഘങ്ങളെ ശ്രദ്ധയിൽപെട്ടാൽ 901, 0502106969 എന്നീ നമ്പറുകളിൽ വിവരമറിയിക്കണം.

കഴിഞ്ഞ വർഷം 1,021 യാചകരെ പൊലീസ്​ അറസ്റ്റു ചെയ്തിരുന്നു. ഇതിൽ പാതിയിലേറെ പേരും റമദാനിലാണ് പിടിയിലായത്​​. ജനങ്ങളുടെ സൻമനസിനെ മുതലെടുക്കാൻ ശ്രമിക്കുന്ന യാചന അംഗീകരിക്കാനാവില്ലെന്നും പൊതു സ്ഥലങ്ങളിലും തെരുവുകളിലും നടത്തുന്ന ഭിക്ഷാടനം രാജ്യത്ത്​ നിരോധിതമാണെന്നും അദ്ദേഹം പറഞ്ഞു. യാചന ഇല്ലാതാക്കാൻ ഇസ്‍ലാമിക കാര്യ വിഭാഗം, താമസ കുടിയേറ്റ കാര്യ ഡയറക്ടറേറ്റ്​, ദുബൈ നഗരസഭ എന്നിവയുടെ സഹകരണത്തോടെ ​​ശ്രമങ്ങൾ നടത്തി വരികയാണ്​.

ആവശ്യക്കാരെന്ന്​ ബോധ്യപ്പെട്ടവർക്ക്​ സഹായം നൽകാൻ ജീവകാരുണ്യ സംഘടനകളും വ്യക്തികളും മടി കാണിക്കാറില്ല. സഹായം ആവശ്യമുള്ളവരെക്കുറിച്ച്​ വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബൈയിൽ അംഗീകൃതമായ സംഘടനകളുമായി ബന്ധപ്പെടാൻ നിർദേശിക്കണമെന്ന്​ ഔഖാഫിലെ മുഹമ്മദ്​ മെഹ്ദി അൽ സുവൈദി പൊതുജനങ്ങളെ ഉത്​ബോധിപ്പിച്ചു.