LiveTV

Live

Gulf

പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡിന് അര്‍ഹതയില്ല; ആശങ്കയില്‍ പ്രവാസിസമൂഹം

പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡിന് അര്‍ഹതയില്ല; ആശങ്കയില്‍ പ്രവാസിസമൂഹം
Summary
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനും പാന്‍ കാര്‍ഡിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രവാസികളെ വലക്കും.

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനും പാന്‍ കാര്‍ഡിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രവാസികളെ വലക്കും. രാജ്യത്ത് സ്ഥിരതാമസക്കാര്‍ അല്ലാത്തതിനാല്‍ ആധാര്‍ കാര്‍ഡിന്റെ ഗുണഭോക്താക്കളാകാന്‍ പ്രവാസികള്‍ക്ക് കഴിയില്ലെന്ന നിലപാട് പുന:പരിശോധിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.

മിക്ക ഇടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതോടെ രാജ്യത്തിനു വെളിയില്‍ ജീവിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ വെട്ടിലായിരിക്കുകയാണ്. ആധാര്‍ നിയമത്തിലെ 3.1 സെക്ഷന്‍ പ്രകാരം ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കു മാത്രമേ ആധാര്‍ നമ്പര്‍ ലഭിക്കാന്‍ അര്‍ഹതയുള്ളു. താല്‍ക്കാലിക തൊഴില്‍ കരാറിനു പുറത്ത് ഗള്‍ഫ് മേഖലയിലും മറ്റും ജോലി ചെയ്യുന്ന സാധാരണ പ്രവാസികളുടെ കാര്യത്തില്‍ ഇളവ് വേണമെന്ന് പ്രവാസി സമൂഹം ആവശ്യപ്പെടുന്നു.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡിന് അര്‍ഹതയില്ലെന്നു തന്നെയാണ് യുണിക് ഐഡന്റിഫിക്കേഷന്‍ അഥോറിട്ടി ഓഫ് ഇന്ത്യ സിഇഒ ഡോ. അജയ് ഭൂഷണ്‍ പാണ്ഡെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇതിനകം ആധാര്‍ കാര്‍ഡ് സ്വന്തമാക്കിയ പ്രവാസികളുടെ കാര്യത്തിലും നിയമം ബാധകമായിരിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ആധാര്‍ കാര്‍ഡ് ലഭിക്കാന്‍ അര്‍ഹതയില്ലെന്നിരിക്കെ, പ്രവാസികള്‍ക്ക് ഇളവു നല്‍കാന്‍ അതതു വകുപ്പുകള്‍ മുന്‍കൈയെടുക്കുകയാണ് വേണ്ടത്. എന്നാല്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ വിഷയത്തില്‍ ഇതുവരെയും അനുകൂലമായി പ്രതികരിച്ചിട്ടില്ല.

വര്‍ഷത്തില്‍ 182 ദിവസമെങ്കിലും തുടര്‍ച്ചയായി ഇന്ത്യയില്‍ താമസിക്കാത്തവരെ പ്രവാസികളായാണ് കണക്കാക്കുക. ഈ സാഹചര്യത്തില്‍ ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ അുനഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ക്ക് തങ്ങള്‍ വലിയ വിലയൊടുക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് പ്രവാസി സമൂഹം.