LiveTV

Live

Gulf

ഒമാനിൽ ആരോഗ്യത്തിന് ​ഹാനികരമായ വസ്​തുക്കളുടെ നികുതി വർധന ഈ വര്‍ഷം മുതൽ നിലവിൽ വന്നേക്കും 

ഒമാനിൽ ആരോഗ്യത്തിന് ​ഹാനികരമായ വസ്​തുക്കളുടെ നികുതി വർധന ഈ വര്‍ഷം മുതൽ നിലവിൽ വന്നേക്കും 
Summary
സിഗരറ്റ്​, മദ്യം തുടങ്ങി ആരോഗ്യത്തിന്​ ഹാനികരമായ വസ്​തുക്കളുടെ നികുതി വർധന ഈ വർഷം മുതൽ ഒമാനിൽ നിലവിൽ വന്നേക്കും

സിഗരറ്റ്​, മദ്യം തുടങ്ങി ആരോഗ്യത്തിന്​ ഹാനികരമായ വസ്​തുക്കളുടെ നികുതി വർധന ഈ വർഷം മുതൽ ഒമാനിൽ നിലവിൽ വന്നേക്കും. നൂറ്​ ശതമാനം വരെ നികുതിയിൽ വർധനവ്​ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന്​ ധനകാര്യമന്ത്രാലയം ഉദ്യോഗസ്​ഥരെ ഉദ്ധരിച്ച്​ പ്രാദേശിക ദിനപത്രം റിപ്പോർട്ട്​ ചെയ്​തു. ജി.സി.സി ഫൈനാൻഷ്യൽ ആൻറ്​ ഇക്കണോമിക്​ കോഓപറേഷൻ കൗൺസിൽ യോഗത്തിൽ ഒപ്പിട്ട സെലക്​ടീവ്​ ടാക്​സ്​ എഗ്രിമെൻറ്​ പ്രകാരമുള്ള നികുതി വർധനവാണ്​ ഈ വർഷം മുതൽ നടപ്പിലാക്കുമെന്ന്​ പ്രതീക്ഷിക്കപ്പെടുന്നത്​.

പുകയില, മദ്യം, പന്നിയിറച്ചി, ശീതളപാനീയങ്ങൾ, ഊര്‍ജ്ജ പാനീയങ്ങൾ എന്നിവയാണ്​ പൊതുധാരണപ്രകാരം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള വസ്​തുക്കൾ. കൂടുതൽ ഉൽപ്പന്നങ്ങൾ ആവശ്യമെങ്കിൽ ഭാവിയിൽ ഇതിൽ ഉൾപ്പെടുത്തുകയും ചെയ്യും. ധാരണ പ്രകാരം അമ്പത്​ മുതൽ നൂറ്​ ശതമാനം വരെ നികുതി വർധനവാണ്​ ഉണ്ടാവുക​.

പുകയിലക്കും മദ്യത്തിനുമുള്ള കസ്​റ്റംസ്​ നികുതി ഇതിന്​ പുറമെ തുടരുകയും ​ചെയ്യും. നികുതിയുടെ വിശദ വിവരങ്ങൾ സെക്ര​ട്ടറിയേറ്റ് ജനറൽ ഫോർ ടാക്​സേഷൻ വൈകാതെ പുറത്തുവിടും. ആരോഗ്യപ്രശ്​നങ്ങളുടെ ചികിൽസക്ക്​ ജി.സി.സി രാഷ്​ട്രങ്ങൾ വൻതുക ചെലവാക്കേണ്ടി വരുന്ന സാഹചര്യവും നികുതി വർധനവിന്​ പ്രേരണയായതായി റിപ്പോർട്ട്​ പറയുന്നു.

ചികിൽസാ ചെലവ്​ കുറക്കുന്നതിനൊപ്പം എണ്ണയിതര വരുമാനം വർധിപ്പിക്കുന്നതും സർക്കാരിന്റെ ലക്ഷ്യമാണ്​. പുകയില ഉപഭോഗം മൂലം രാജ്യത്തിന്ഖെ സമ്പദ്​ഘടനക്ക്​ ഉണ്ടാകുന്ന ആഘാതം കുറക്കാൻ നികുതിവർധനവ്​ സഹായകരമാകുമെന്ന്​ ആരോഗ്യമന്ത്രാലയത്തി​ന്റെ ഭാഗമായ ദേശീയ പുകയില നിയന്ത്രണകമ്മിറ്റി സീനിയർ കൺസൾട്ടൻറ്​ ഡോ.ജവാദ്​ അൽ ലവാട്ടി പറഞ്ഞു. അഞ്ച്​ ശതമാനം 'വാറ്റ്​' കൂടി വരുന്നതോടെ പുകയില ഉൽപന്നങ്ങളുടെ വിലയിൽ നല്ല വർധനവുണ്ടാകുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​.