LiveTV

Live

Gulf

ഗള്‍ഫിലെ വിദ്യാര്‍ഥികള്‍ സിബിഎസ്ഇ വിട്ട് കേരള സിലബസിലേക്ക്

Summary
സിബിഎസ്ഇ അന്താരാഷ്ട്ര സിലബസ് നിര്‍ത്തലാക്കുന്നതും പരീക്ഷകള്‍ പഴയ രീതിയിലേക്ക് മാറ്റുന്നതും ഗള്‍ഫിലെ വിദ്യാര്‍ഥികളെ കേരളാ സിലബസിലേക്ക് ആകര്‍ഷിക്കുന്നു.

സിബിഎസ്ഇ അന്താരാഷ്ട്ര സിലബസ് നിര്‍ത്തലാക്കുന്നതും പരീക്ഷകള്‍ പഴയ രീതിയിലേക്ക് മാറ്റുന്നതും ഗള്‍ഫിലെ വിദ്യാര്‍ഥികളെ കേരളാ സിലബസിലേക്ക് ആകര്‍ഷിക്കുന്നു. സിബിഎസ്ഇ സിലബസിലെ അസ്ഥിരതയാണ് രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.

2010ല്‍ ഗള്‍ഫിലെ 25 സ്കൂളുകളില്‍ ആരംഭിച്ച സിബിഎസ്ഇഐ എന്ന അന്താരാഷ്ട്ര സിലബസാണ് ഈ വര്‍ഷം ഒറ്റയടിക്ക് പിന്‍വലിച്ചത്. അതോടൊപ്പം തുടര്‍മൂല്യ നിര്‍ണയത്തില്‍ അധിഷ്ഠിതമായിരുന്ന പരീക്ഷാരീതിയും സിബിഎസ്ഇ വേണ്ടെന്ന് വെച്ചു. സിബിഎസ്ഇ പരീക്ഷകള്‍ സംബന്ധിച്ച അവ്യക്തത കുട്ടികളെ കേരളാ സിലബസിലേക്ക് മാറാന്‍ പ്രേരിപ്പിക്കുകയാണ്.

ക്രിയാത്മക, പ്രവര്‍ത്തി പരിചയ പഠനത്തില്‍ അധിഷ്ഠിതമായിരുന്നു സിബിഎസ്ഇ അന്താരാഷ്ട്ര സിലബസ്. എന്നാല്‍ ഇപ്പോഴത്തേത് പാഠപുസ്തക അധിഷ്ഠിതമാണ്. ദുബൈയിലെ വിദ്യാഭ്യാസ അതോറിറ്റിയായ കെഎച്ച്ഡിഎ ക്രിയാത്മക പഠനത്തെയാണ് പ്രോല്‍സാഹിപ്പിക്കുന്നത്. അന്താരാഷ്ട്ര സിലബസ് നിര്‍ത്തുന്നതും പരീക്ഷാരീതി മാറ്റുന്നതും നിലവില്‍ എട്ട്, ഒന്‍പത് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെയാണ് ബാധിക്കുന്നത്. ഇവരെ പഴയ രീതിയിലേക്ക് മാറ്റാന്‍ ബ്രിഡ്ജ് കോഴ്സുകള്‍ വേണ്ടി വരും. സിബിഎസ്ഇഐ സിലബസ് മാത്രമുള്ള പല സ്കൂളുകളും വിവിധ ഗള്‍ഫ് രാജ്യങ്ങളിലുണ്ട്. വിദേശി വിദ്യാര്‍ഥികളെ കൂടി ഉള്‍കൊള്ളാന്‍ സിബിഎസ്ഇ സിലബസ് മാത്രമായി ആരംഭിച്ച സ്കൂളുകള്‍ക്ക് ഈ തീരുമാനം തിരിച്ചടിയാകും.