LiveTV

Live

Gulf

ഇന്ന് മുതല്‍ ഒമാനില്‍ ഇന്ധന വില വര്‍ധിക്കും

ഇന്ന് മുതല്‍ ഒമാനില്‍ ഇന്ധന വില വര്‍ധിക്കും
Summary
പുതിയ വര്‍ധനവോടെ പെട്രോള്‍, ഡീസല്‍ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ എത്തിയിരിക്കുകയാണ്.

ഇന്ന് മുതൽ ഒമാനിലെ ഇന്ധനവില വര്‍ധിക്കും. ജനുവരിയിലെ വിലയില്‍നിന്ന് പെട്രോളിനും ഡീസലിനും പത്ത് ബൈസയുടെ വീതം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. പുതിയ വര്‍ധനവോടെ പെട്രോള്‍, ഡീസല്‍ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ എത്തിയിരിക്കുകയാണ്.

എം 91 ലിറ്ററിന് 186 ബൈസയും എം 95 ലിറ്ററിന് 196 ബൈസയുമായിരിക്കും ഫെബ്രുവരിയിലെ നിരക്ക്. ഡീസലിന് 205 ബൈസയും ഈടാക്കും. ജനുവരിയില്‍ എം 91ന് 176 ബൈസയും സൂപ്പറിന് 186 ബൈസയും ഡീസലിന് 195 ബൈസയുമായിരുന്നു വില. റെഗുലര്‍ പെട്രോളിന് പകരം കഴിഞ്ഞ നവംബര്‍ മുതലാണ് എം 91 എന്ന പുതിയ ഗ്രേഡ് ഇന്ധനം അവതരിപ്പിച്ചത്. നവംബറില്‍ 173 ബൈസയായിരുന്നു എം 91ന് ഈടാക്കിയത്.

ഡീസല്‍വില 200 ബൈസ കടന്നത് പണപ്പെരുപ്പത്തെയും ഉപഭോക്തൃ വിലസൂചികയെയും ബാധിക്കാനിടയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഡിസംബറില്‍ ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തില്‍ 1.13 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. ഇതില്‍ ഗതാഗത വിഭാഗത്തിന്റെ ചെലവ് 9.42 ശതമാനമാണ് കൂടിയത്. കാറുകള്‍ക്ക് ഇനി മുഴുവന്‍ ടാങ്ക് ഇന്ധനം അടിക്കണമെങ്കില്‍ ശരാശരി 300 മുതല്‍ 400 ബൈസ വരെ അധികമായി നല്‍കേണ്ടിവരും. ഡീസല്‍ വില വര്‍ധിച്ചത് ജനുവരിയില്‍ പഴം, പച്ചക്കറി മേഖലയെ കാര്യമായി ബാധിച്ചിരുന്നില്ല. ഈ സാഹചര്യം തന്നെ ഫെബ്രുവരിയിലും തുടരുമെന്നാണ് വിലയിരുത്തൽ.

ഒമാനില്‍ ഉല്‍പാദിപ്പിച്ച പച്ചക്കറികളും മറ്റും വിപണിയില്‍ അധികമായി എത്തിത്തുടങ്ങിയതിനാലാണിത്. ഇതോടൊപ്പം, പച്ചക്കറികള്‍ക്ക് ആവശ്യക്കാര്‍ കുറവുമാണ്. ഏപ്രിലോടെയാണ് സ്വദേശി ഇനങ്ങള്‍ മാര്‍ക്കറ്റില്‍നിന്ന് പിന്മാറുക. ഇതിന് ശേഷം മാത്രമാകും ഇന്ധന വിലയിലെ വര്‍ധന പഴം, പച്ചക്കറി വിപണിയെ ബാധിക്കുക. ഇന്ധനവിലയിലെ വര്‍ധന കണക്കിലെടുത്ത് ബസ്ചാര്‍ജ് വര്‍ധിപ്പിക്കില്ലെന്ന് മുവാസലാത്ത് അറിയിച്ചിട്ടുണ്ട്. ബസ്ചാര്‍ജ് വര്‍ധിപ്പിക്കാന്‍ പദ്ധതിയില്ലെന്ന് മുവാസലാത്ത് സി ഇ ഒ അഹ്മദ് അല്‍ ബലൂഷി പറഞ്ഞു.

ഇന്ധനവിലയില്‍ കൂടുതല്‍ വര്‍ധന ഉണ്ടാകുന്ന പക്ഷം നിരക്ക് വര്‍ധനവിനെ കുറച്ച് ആലോചിക്കുമെന്ന് മുവസലാത്ത് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു. പുതിയ വിലവര്‍ധനവോടെ പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞവര്‍ഷം 37 ലക്ഷം പേരാണ് മുവാസലാത്ത് സര്‍വിസുകള്‍ ഉപയോഗിച്ചത്.