LiveTV

Live

Gulf

സൗദിയിൽ നിന്ന് എക്‌സിറ്റ്; ഇഖാമയിൽ 2 മാസം കാലാവധി വേണമെന്ന പ്രചാരണം തെറ്റാണെന്ന് പാസ്പോര്‍ട്ട് വിഭാഗം

സൗദിയിൽ നിന്ന് എക്‌സിറ്റ്; ഇഖാമയിൽ 2 മാസം കാലാവധി വേണമെന്ന പ്രചാരണം തെറ്റാണെന്ന് പാസ്പോര്‍ട്ട് വിഭാഗം
Summary
ഇഖാമയിൽ കാലാവധി തീരുന്നതിന്റെ അവസാന ദിവസം വരെ എക്‌സിറ്റ് അടിക്കാൻ കഴിയും

സൗദിയിൽ നിന്ന് എക്‌സിറ്റ് അടിക്കണമെങ്കിൽ ഇഖാമയിൽ രണ്ടു മാസം കാലാവധി വേണമെന്ന പ്രചാരണം തെറ്റാണെന്ന് പാസ്പോര്‍ട്ട് വിഭാഗം. ഇഖാമയിൽ കാലാവധി തീരുന്നതിന്റെ അവസാന ദിവസം വരെ എക്‌സിറ്റ് അടിക്കാൻ കഴിയും. എക്സിറ്റ് അടിച്ച ശേഷം തുടരുന്ന കാലാവധിക്ക് ലെവിയടക്കണമെന്നും ജവാസാത്ത് അറിയിച്ചു.

ഫൈനൽ എക്‌സിറ്റിൽ നാട്ടിലേക്ക് പോകണമെങ്കിൽ ഇഖാമയിൽ രണ്ടുമാസത്തെ കാലാവധി വേണമെന്നും അല്ലെങ്കിൽ ഇഖാമ പുതുക്കിയ ശേഷം മാത്രമേ എക്‌സിറ്റ് അടിക്കാനാകൂ എന്നുമായിരുന്നു പ്രചാരണം. എന്നാൽ ഇക്കാര്യം ജവാസാത്ത് ഔദ്യോഗികമായി നിഷേധിച്ചു. ഒരു വ്യക്തിയുടെ സംശയത്തിനുള്ള മറുപടിയായാണ് ജവാസാത്തിന്റെ വിശദീകരണം. ഇഖാമയിൽ കാലാവധി തീരുന്നതിന്റെ അവസാന ദിവസം വരെ എക്‌സിറ്റ് അടിക്കാൻ കഴിയും. പിന്നീട് സൗദി വിടാൻ രണ്ടു മാസത്തെ സാവകാശവും ലഭിക്കും. എന്നാൽ, ഈ രണ്ടു മാസത്തേക്ക് ലെവി അടക്കേണ്ടി വരും. അതായത് ഒരാളുടെ ഇഖാമ മാർച്ച് മുപ്പതിന് ഇഖാമ കാലാവധി അവസാനിക്കുകയാണെങ്കില്‍ മാര്‍ച്ച് 29ന് വരെ ഒരാള്‍ക്ക് എക്സിറ്റ് വിസ ലഭ്യമാക്കാം. പക്ഷേ എക്സിറ്റ് വിസയില്‍ തുടരുന്ന അറുപത് ദിവസത്തിനും ലെവിയടക്കണം. ഇഖാമയിൽ ഒരു മാസമാണ് കാലാവധി എങ്കിൽ ഒരു മാസത്തേക്കുള്ള ലെവിയാണ് അധികം അടക്കേണ്ടതെന്നും പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു.