LiveTV

Live

Gulf

മെകുനു ചുഴലി കൊടുങ്കാറ്റ്; യമനില്‍ 7 മരണം സ്ഥിരീകരിച്ചു

മെകുനു ചുഴലി കൊടുങ്കാറ്റ്; യമനില്‍ 7 മരണം സ്ഥിരീകരിച്ചു
Summary
യമന്‍-സൌദി തീരത്ത് നിന്നും 250 ഉം സൌദി തീരത്ത് നിന്നും 800 കി.മീ ഉം അകലെയാണ് സൊകോത്ര

യമന്‍ അധീനതയിലുള്ള സൊകോത്ര ദ്വീപില്‍ മെകുനു കൊടുങ്കാറ്റില്‍ കാണാതായ രണ്ട് ഇന്ത്യക്കാരുള്‍പ്പെടെ 7 പേരുടെ മരണം സ്ഥിരീകിരിച്ചു. കപ്പല്‍ ജീവനക്കാരാണ് മരിച്ച ഇന്ത്യക്കാര്‍. നാല് ഇന്ത്യക്കാരെ കടലില്‍ നിന്നും രക്ഷപ്പെടുത്തി. വിദേശികളുള്‍പ്പെടെ 33 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

യമന്‍-സൌദി തീരത്ത് നിന്നും 250 ഉം സൌദി തീരത്ത് നിന്നും 800 കി.മീ ഉം അകലെയാണ് സൊകോത്ര. നാലു ദ്വീപുകള്‍ ചേര്‍ന്ന സമൂഹമാണിത്. യമന്‍ അധീനതയിലുള്ള ഈ ദ്വീപിലാണ് മെകുനു കൊടുങ്കാറ്റ് ആദ്യമെത്തിയത്. ഇവിടെ തീരത്തോട് ചേര്‍ന്നുണ്ടായിരുന്ന കപ്പല്‍ മുങ്ങി 17 പേരെ കാണാതായി. ഇതില്‍ പെട്ട രണ്ട് ഇന്ത്യക്കാരുള്‍പ്പെടെ ഏഴ് പേരുടെ മരണം സ്ഥിരീകരിച്ചു. നാല് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. യമന്‍ ഫിഷറീസ് മന്ത്രിയാണ് ഇക്കാര്യമറിയിച്ചത്. ഇതിന് പുറമെ ദ്വീപിന്റെ വിവിധ ഭാഗങ്ങളിലായി വെള്ളപ്പൊക്കത്തിലും 23 പേരെ കൂടി കാണാതായിട്ടുണ്ട്. ഇവര്‍ക്കും തിരച്ചില്‍ തുടരുകയാണ്. അന്പതിനായിരത്തോളമാണ് മേഖലയിലെ ജന സംഖ്യ. ഇന്ത്യക്കാരടക്കം നിരവധി പ്രവാസികളുമുണ്ട്. നൂറുകണക്കിന് കുടുംബങ്ങളെ കൊടുങ്കാറ്റ് നേരിട്ട് ബാധിച്ചു. യമന്‍ യുദ്ധം നേരിട്ട് ബാധിക്കാത്ത ദ്വീപ് സമൂഹമാണ് സൊകോത്രയിലേത്. ഇവിടെ യുദ്ധത്തിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച സൌദി, യു.എ.ഇ സൈന്യമെത്തിയിരുന്നു. സൈനിക കാന്പില്‍ നാശനഷ്ടങ്ങളൊന്നുമില്ല.

ഭൂമിയില്‍ മറ്റൊരിടത്തും കാണാത്ത 200 ഓളം പ്രത്യേക ജന്തുവര്‍ഗങ്ങളുണ്ടിവിടെ. ജീവജാലങ്ങള്‍ക്കും വന്‍ നാശനഷ്ടമുണ്ടാക്കി മെകുനു. ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച ഈ മേഖലയില്‍ കാറ്റും മഴയും തുടരുകയാണ്.