വിനോദനഗരം പദ്ധതിക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഇന്ന് തറക്കല്ലിടും
രാജ്യത്തെ ഏറ്റവും വലിയ വിനോദനഗരം പദ്ധതിക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവ്ഇന്ന് തറക്കല്ലിടും. 334 ചതുരശ്ര കിലോമീറ്ററിലാണ് പുതിയ വിനോദ നഗരം. ലോകത്തെ ഏറ്റവും വലിയ വിനോദ പദ്ധതികളിലൊന്നായി മാറും ഇത്.
വിഷന്‍ 2030ന്റെ ഭാഗമായുള്ള സുപ്രധാന പദ്ധതിക്കാണ് നാളെ തുടക്കമാകുന്നത്. സല്മാന് രാജാവിന്റേയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റേയും നേതൃത്വത്തിലുള്ളതാണ് പദ്ധതി. ക്വിദ്ദിയ എന്നാണ് പദ്ധതിയുടെ പേര്. തലസ്ഥാന നഗരിയായ റിയാദിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിലാണ്പദ്ധതി. വിനോദ, സാംസ്കാരിക, കായിക പദ്ധതികളാണ് ഇവിടെ തുടങ്ങുക. ലോകോത്തര തീം പാർക്ക്, മോട്ടോർ സ്പോർട്ട്സ് സൗകര്യങ്ങൾ, സഫാരി പാർക്ക് തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്. രാജ്യത്തിന് എണ്ണേതര വരുമാനം ഉറപ്പാക്കുന്ന വൻകിട പദ്ധതികളിലൊന്നാണിത്. വിനോദമേഖലയിലും മറ്റും വലിയ തോതിലുള്ള വിദേശ നിക്ഷേപം ആകർഷിക്കുന്ന പദ്ധതിയാണിതെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മിഖായേൽ റിനിഞ്ചർ പറഞ്ഞു. അതേ സമയം മൊത്തം ചെലവ് എത്രയാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ആദ്യഘട്ടം 2022 ഓടെ പൂർത്തിയാവും. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അവതരിപ്പിച്ച വിഷൻ 2030ന്റെ ഭാഗമാണ് റിയാദ് വിനോദനഗര പദ്ധതി. രാജ്യത്തെ പ്രത്യേക മേഖലയായിരിക്കുമിതെന്ന് നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്നു.