LiveTV

Live

Gulf

സൗദി സഖ്യരാജ്യങ്ങളുടെ കരിമ്പട്ടിക ഖത്തര്‍ തള്ളി

സൗദി സഖ്യരാജ്യങ്ങളുടെ കരിമ്പട്ടിക ഖത്തര്‍ തള്ളി
Summary
ഖറദാവി അടക്കമുള്ളവര്‍ക്കെതിരായ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല

ഖത്തറുമായി ബന്ധപ്പെട്ട വ്യക്തികളെയും സംഘടനകളെയും കരിമ്പട്ടികയില്‍ പെടുത്തിയ സൗദി സഖ്യരാജ്യങ്ങളുടെ നടപടി ഖത്തര്‍ തള്ളി. യൂസുഫുല്‍ ഖറദാവി അടക്കമുള്ളവര്‍ക്കെതിരായ ആരോപണങ്ങള്‍ക്ക് അടിത്തറയില്ലെന്നാണ് ഖത്തര്‍ നിലപാട്. രാജ്യത്തിനെതിരായ ഉപരോധം അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷിക നിയമങ്ങളുടെയും ലംഘനമാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി ജര്‍മ്മനിയില്‍ പറഞ്ഞു.

സൗദി സഖ്യരാജ്യങ്ങളുടെ കരിമ്പട്ടിക ഖത്തര്‍ തള്ളി

ഖത്തറില്‍ കഴിയുന്ന അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭാ അധ്യക്ഷന്‍ ശൈഖ് യൂസുഫുല്‍ ഖറദാവി അടക്കമുള്ള 59 വ്യക്തികളെയും ഖത്തര്‍ ചാരിറ്റി ഉള്‍പ്പെടെയുള്ള 12 സ്ഥാപനങ്ങളെയും ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയ സൗദി സഖ്യ രാഷ്ട്രങ്ങളുടെ നടപടിക്ക് യാതൊരു അടിത്തറയുമില്ലെന്നാണ് ഖത്തറിന്റെ പ്രതികരണം. രാജ്യത്തിനെതിരായ ഉപരോധം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും മാനുഷിക നിയമങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും ഖത്തര്‍ വിദേശ കാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി പറഞ്ഞു. ജര്‍മ്മന്‍ വിദേശകാര്യമന്ത്രിയുമൊത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഖത്തറിനെതിരായ സൗദി സഖ്യരാജ്യങ്ങളുടെ ഉപരോധം അവസാനിപ്പിക്കണമെന്ന് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി സിഗ്മണ്‍ ഗാബ്രിയേല്‍ ആവശ്യപ്പെട്ടു. പിന്തുണയറിയിച്ച ജര്‍മ്മനിക്ക് ഖത്തര്‍ നന്ദി അറിയിച്ചു. ഉപരോധത്തെ ഭയന്ന് ഖത്തറിന്റെ വിദേശനയത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറാല്ലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു.

ഇതിനിടെ ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറബ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സും സൗദി അറേബ്യ പുറത്തുവിട്ട കരിമ്പട്ടികയെ അപലപിച്ചു. രാഷ്ട്രീയ അജണ്ടകള്‍ ഉള്ള ഏകപക്ഷീയ നിലപാടാണിതെന്ന് സംഘടന വിലയിരുത്തി. മേഖലയിലെ പ്രശ്‌നം ഒത്തു തീര്‍പ്പാക്കണമെന്ന് യു എസ് സെനറ്റര്‍മാരും ആവശ്യപ്പെട്ടിട്ടുണ്ട്.