LiveTV

Live

Gulf

കുവൈത്തിൽ വിദേശികളുടെ തസ്​തികകൾ മരവിപ്പിക്കാന്‍ നീക്കം

കുവൈത്തിൽ വിദേശികളുടെ തസ്​തികകൾ മരവിപ്പിക്കാന്‍ നീക്കം
Summary
പൊതു ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കുവൈത്തിൽ വിദേശികൾ ജോലി ചെയ്തുകൊണ്ടിരിക്കുന്ന 730 തസ്​തികകൾ മരവിപ്പിക്കണമെന്ന് നിർദേശം..

കുവൈത്തിൽ വിദേശികൾ ജോലി ചെയ്തുകൊണ്ടിരിക്കുന്ന 730 തസ്​തികകൾ മരവിപ്പിക്കണമെന്ന് നിർദേശം. പൊതു ചെലവ് നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പാർലിമെന്റിൽ ബജറ്റ് കമ്മിറ്റിയാണ് ധനകാര്യമന്ത്രാലയത്തിന് നിർദേശം സമർപ്പിച്ചത്​. ശിപാർശ നടപ്പാക്കിയാൽ 730 വിദേശികൾക്ക് ഉദ്യോഗം നഷ്ടമാകും.

വിവിധ ഡിപ്പാർട്ട്മെന്റുകളിൽ ജോലി ചെയ്യുന്ന 730വിദേശികളെ ജൂലൈ ഒന്നുമുതൽ ഒഴിവാക്കണമെന്നാണ് ബജറ്റ് കമ്മിറ്റിയുടെ ശിപാർശ ബജറ്റ് കമ്മി നികത്താൻ പൊതു ചെലവ് നിയന്ത്രണം അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടിയാണ് സർക്കാർ മേഖലയിലെ അനാവശ്യ തസ്തികകൾ ഒഴിവാക്കണമെന്നു ബജറ്റ് കമ്മിറ്റി നിർദേശിച്ചത്. 13.3 ബില്യൻ ദീനാറിെൻറ വരുമാനം പ്രതീക്ഷിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ 19.9 ബില്യൻ ദീനാർ ആണ് ചെലവ് കണക്കാക്കിയത്.

പോയ വർഷത്തെ അപേക്ഷിച്ച് ഇക്കുറി എണ്ണ വരുമാനത്തിൽ മൂന്ന് ശതമാനത്തിന്റെ വർധനയുണ്ടായിട്ടും പൊതു ചെലവ് നിയന്ത്രിക്കാനാകാത്തതിനാൽ അധിക വരുമാനം ബജറ്റിൽ കാര്യമായി പ്രതിഫലിച്ചിട്ടില്ല 2017-18 സാമ്പത്തികവർഷത്തിൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങൾക്കും മാത്രമായി 6.7 ബില്യൻ ദീനാർ ചെലവഴിക്കണം ഇതിൽ 600 മില്യൻ ദീനാർ പൊതുമേഖലയിലെ വിദേശികളുടെ ശമ്പളത്തിനുവേണ്ടിയാണ് വകയിരുത്തിയത്. ഏറ്റവും പുതിയ കണക്ക് പ്രകാരം 3,71,437 സർക്കാർ ജീവനക്കാരുടെ എണ്ണം. ഇതിൽരണ്ടര ലക്ഷത്തോളം സ്വദേശികളും ബാക്കി വിദേശികളുമാണ്. കുവൈത്ത് സെൻട്രൽ ബാങ്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ പൊതുധനം ചെലവഴിക്കുന്നത്​ കുവൈത്താണ്. ജി.ഡി.പിയുടെ 56.4 ശതമാനമാണ്​ കുവൈത്ത് ഉദ്യോഗസ്‌ഥ ശമ്പളത്തിനും മറ്റു ആനുകൂല്യങ്ങൾക്കുമായി ചെലവിടുന്നത്.