LiveTV

Live

Gulf

ഇ- മൈഗ്രേറ്റ് പദ്ധതി കേന്ദ്രം മയപ്പെടുത്തുന്നു

ഇ- മൈഗ്രേറ്റ് പദ്ധതി കേന്ദ്രം മയപ്പെടുത്തുന്നു
Summary
തീരുമാനം യുഎഇ ഉൾപ്പെടെ ഗൾഫ്​ രാജ്യങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന്

ഇ- മൈഗ്രേറ്റ് പദ്ധതിക്കെതിരെ യുഎഇ ഉൾപ്പെടെ ഗൾഫ്​രാജ്യങ്ങളുടെ എതിർപ്പ്​ മുൻനിർത്തി കേന്ദ്രസർക്കാർ നടപടി മയപ്പെടുത്തിയേക്കും. ഗൾഫ്​ രാജ്യങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന യാതൊരു നീക്കവും ഇന്ത്യയുടെ ഭാഗത്തുനിന്ന്​ഉണ്ടാകില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം യു.എ.ഇയെ അറിയിച്ചതായാണ്​സൂചന.

കേന്ദ്ര സര്‍ക്കാർ പദ്ധതിയായ ഇ-മൈഗ്രേറ്റിനെതിരേ ഇന്ത്യയിലെ യുഎഇ അംബാസഡര്‍ ഡോ. അഹമ്മദ് അല്‍ ബന്ന കഴിഞ്ഞ ദിവസം ശക്തമായി രംഗത്തു വന്നിരുന്നു. കമ്പനികളെ കുറിച്ചും തൊഴിൽ ഉടമകളെ കുറിച്ചും ഇന്ത്യ നടത്തുന്ന വിവര ശേഖരണം അംഗീകരിക്കാനാവില്ലെന്നായിരുന്നു അംബാസഡറുടെ വാദം. യുഎഇ ഉൾപ്പെടെ ഗൾഫ്​രാജ്യങ്ങളുമായി അടുത്ത ബന്ധം നിലനിൽക്കെ, തെറ്റിദ്ധാരണക്ക്​ഇടവരുത്തുന്ന യാതൊരു നീക്കവും ഉണ്ടാകില്ലെന്നു തന്നെയാണ്​കേന്ദ്രം വ്യക്തമാക്കുന്നത്​. യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ നവ്ദീപ്​സിങ്​സൂരി ഇതു സംബന്ധിച്ച്​ നേതാക്കളെ കാര്യങ്ങൾ ധരിപ്പിച്ചതായും വിവരമുണ്ട്​. എന്നാൽ എംബസി ഔദ്യോഗിക പ്രതികരണമൊന്നും ഇതു സംബന്ധിച്ച്​ നൽകിയിട്ടില്ല.

തൊഴിലിടങ്ങളിലെ ചൂഷണങ്ങളെക്കുറിച്ച്​ പ്രവാസികളില്‍നിന്ന് വൻതോതിൽ പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ 2015-ലാണ് വിദേശകാര്യമന്ത്രാലയം ഇ-മൈഗ്രേറ്റ് പ്രോഗ്രാം ആരംഭിച്ചത്. കമ്പനി, തൊഴില്‍ ഉടമ, റിക്രൂട്ടിങ് ഏജന്റുമാർ എന്നിവരെ കുറിച്ച വിവരശേഖരണമായിരുന്നു​പദ്ധതി ലക്ഷ്യം. ഗൾഫ്​താൽപര്യം കൂടി മുൻനിർത്തി തൊഴിൽ വിപണി മെച്ചപ്പെടുത്തുകയെന്ന നല്ല ലക്ഷ്യം മാത്രമായിരുന്നു​ പദ്ധതിയുടേതെന്നാണ്​ കേന്ദ്ര സർക്കാർ നൽകുന്ന വിശദീകരണം.

ഗാർഹിക തൊഴിലാളികൾക്ക്​ മിനിമം വേതനം നിശ്ചയിച്ചു കൊണ്ടുള്ള കേന്ദ്ര തീരുമാനവും നേരത്തെ കുവൈത്ത്​ഉൾപ്പെടെ ഗൾഫ്​ രാജ്യങ്ങളുടെ കടുത്ത എതിർപ്പിനിടയാക്കിയിരുന്നു. തുടർന്ന്​ അത്തരം നീക്കങ്ങളിൽ കടുംപിടിത്തം ഉപേക്ഷിക്കുകയായിരുന്നു​ കേന്ദ്രസർക്കാർ.