LiveTV

Live

Gulf

റമദാന്റെ വരവറിയിച്ച് ഫാനൂസ് വില്‍പ്പന സജീവമായി

റമദാന്റെ വരവറിയിച്ച്  ഫാനൂസ് വില്‍പ്പന സജീവമായി
Summary
ആവശ്യക്കാരുടെ പോക്കറ്റുകളിലുള്ളതിന്റെ വലിപ്പമനുസരിച്ച് വാങ്ങാവുന്ന വിവിധ വർണങ്ങളിലും രൂപത്തിലുമുള്ള ഫാനൂസുകൾ മാർക്കറ്റുകളിൽ ഇന്ന് ലഭ്യമാണ്

റമദാൻ മാസത്തിന്റെ വരവറിയിച്ച് സൌദിയുടെ വിവിധ ഭാഗങ്ങളില്‍ ഫാനൂസ് വില്‍പ്പന സജീവമായി. പാതയോരങ്ങളിൽ വൈകുന്നേരങ്ങളില്‍ കത്തിച്ചുവെച്ച ഫാനൂസുകൾ മാത്രം വിൽക്കുന്ന കടകളുടെ കാഴ്‌ച അതിമനോഹരമാണ്. ആവശ്യക്കാരുടെ പോക്കറ്റുകളിലുള്ളതിന്റെ വലിപ്പമനുസരിച്ച് വാങ്ങാവുന്ന വിവിധ വർണങ്ങളിലും രൂപത്തിലുമുള്ള ഫാനൂസുകൾ മാർക്കറ്റുകളിൽ ഇന്ന് ലഭ്യമാണ്.

റമദാനെ സ്വാഗതം ചെയ്ത് വീടുകളിലും സ്ഥാപനങ്ങളിലും 'ഫാനൂസ്' തൂക്കുന്ന പതിവ് പ്രകടമാണ്.മലയാളികള്‍ക്ക് അന്യം നിന്ന റാന്തൽ വിളക്കിന്റെ വക ഭേദമായി അറിയപ്പെടുന്ന ഫാനൂസ്, അറേബ്യൻ പാരമ്പര്യത്തിന്റെ വൈവിധ്യങ്ങൾ അയവിറക്കാനുള്ള പ്രകാശ ജ്വാലയാണ്. പഴമയുടെ പെരുമ വിളിച്ചോതി പണ്ട് കാലങ്ങളിൽ നമ്മുടെ നാട്ടിൽ പതിവായി ഉപയോഗിച്ചിരുന്ന പാനീസ് (റാന്തൽ) വിളക്കിനെ അറബിയിൽ വിളിക്കുന്ന പേര് തന്നെയാണ് 'ഫാനൂസ്'.ഗ്രീക്കിൽ നിന്ന് അറബി യിലെത്തിയ ഈ പദത്തിന്റെ മലയാളീകരണമായിരിക്കണം പാനീസ്. ജിദ്ദ- യാന്പു ബീച്ച് ഹൈവേയുടെ ഓരം ചേർന്ന് ഫാനൂസുകൾ വില്പന നടത്തുന്ന ഈജിപ്ഷ്യൻ കച്ചവടക്കാരന്റെ ഈ കടയുടെ ഭംഗി ആരെയും ആകർഷിക്കും. റമദാൻ ഇങ്ങെത്തി എന്നറിയിക്കാൻ തെരുവോരത്ത് ഫാനൂസ് തെളിഞ്ഞു നിൽക്കുന്ന കാഴ്ച ഏറി വരികയാണ്. മുതിർന്നവർ റമദാൻ സമ്മാനമായി ഫാനൂസുകൾ നൽകുന്ന രീതി ഇന്നും ചില അറബി വീടുകളിൽ പതിവാണ്.

ഈജിപ്തുകാർക്ക് ഇപ്പോഴും ഫാനൂസിന്റെ വെളിച്ചമില്ലാതെ നോമ്പില്ലെന്ന് 'ഫാനൂസ്' കച്ചവടം നടത്തുന്ന ഈജിപ്ഷ്യനായ അബ്ദുറഹ്മാൻ പറഞ്ഞു. റമദാൻ മാസപ്പിറ കണ്ടതു മുതൽ ശവ്വാലിൻ പൊന്നമ്പിളിക്കീറ് ആകാശത്ത് തെളിയും വരെ ഈജിപ്ത്കാരുടെ വീടുകളില്‍ നക്ഷത്ര പ്രഭയേകി ഫാനൂസ് വിളക്ക് തെളിഞ്ഞു കത്താറുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇപ്പോൾ സൗദിയിലെ റമദാൻ സ്‌പെഷ്യൽ കടകളിലും അറബി വീടുകളുടെ തീന്മേശകളിലും ബാൽക്കണികളിലുമൊക്കെ റമദാൻ വെളിച്ചത്തിന്റെ അടയാളമായി ഫാനൂസുകൾ കാണാം.