LiveTV

Live

Gulf

നോര്‍ക്ക റൂട്സിന്‍റെ സാന്ത്വനം പദ്ധതി; പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു 

നോര്‍ക്ക റൂട്സിന്‍റെ  സാന്ത്വനം പദ്ധതി; പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു 
Summary
സാധാരണ പ്രവാസികള്‍ക്ക് ഗുണകരമാകേണ്ട പദ്ധതികള്‍ക്ക് ആവശ്യത്തിന് ഫണ്ട് വകയിരുത്താന്‍ നടപടി ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്

നോര്‍ക്ക റൂട്സിന്‍റെ സാന്ത്വനം പദ്ധതിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. സാധാരണ പ്രവാസികള്‍ക്ക് ഗുണകരമാകേണ്ട പദ്ധതികള്‍ക്ക് ആവശ്യത്തിന് ഫണ്ട് വകയിരുത്താന്‍ നടപടി ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

രോഗം, അപകടം എന്നിവ മൂലം പ്രയാസം നേരിടുന്ന പ്രവാസികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഉപകരിക്കുന്നതിനാണ് സാന്ത്വനം പദ്ധതി ആരംഭിച്ചത്. പദ്ധതിക്കു ചുവടെ ആയിരങ്ങള്‍ അപേക്ഷ സമര്‍പ്പിച്ചുവെങ്കിലും വളരെ കുറഞ്ഞ പേര്‍ക്ക് മാത്രമാണ് ആനുകൂല്യം ലഭ്യമായത്. ഭൂരിഭാഗം അപേക്ഷകളിലും തീര്‍പ്പുണ്ടായില്ല. ആവശ്യത്തിന് ബജറ്റില്‍ തുക നീക്കിവെക്കാത്തതാണ് പദ്ധതിക്ക് വിനയായത്. ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ ബജറ്റും നിഷേധ നിലപാടാണ് പദ്ധതിയുടെ കാര്യത്തില്‍ സ്വീകരിച്ചതെന്ന് നോര്‍ക്ക മുന്‍ ഡയരക്ടര്‍ ഇസ്മാഈല്‍ റാവുത്തര്‍ പറഞ്ഞു.

കുടുംബത്തില്‍ ആരെങ്കിലും മരണപ്പെട്ടാലും ചികിത്സയ്ക്കും പരമാവധി 10,000 രൂപയും കൃത്രിമ അവയവം, ക്രച്ചസ്, വീല്‍ച്ചയെര്‍ തുടങ്ങിയവ വാങ്ങുന്നതിനായി 5000 രൂപയുമാണ് പദ്ധതി പ്രകാരം നല്‍കുക. അപേക്ഷകര്‍ ദാരിദ്ര്യരേഖയ്ക്കു ചുവടെയുള്ളവരായിരിക്കണം. വാര്‍ഷിക കുടുംബ വരുമാനം 25,000 രൂപയില്‍ കവിയരുതെന്നും വ്യവസ്ഥയുണ്ട്.

ബജറ്റ് ചര്‍ച്ചാവേളയിലെങ്കിലും പദ്ധതി തുക ഉയര്‍ത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണ് പ്രവാസികളുടെ ആവശ്യം.അതിനിടെ, പ്രവാസികളില്‍ നിന്ന് സ്വീകരിക്കുന്ന നിക്ഷേപം ക്രയവിക്രയം ചെയ്യാന്‍ സാധിക്കുന്ന ബോണ്ടുകളുടെ രൂപത്തിലാക്കുന്നത് ഗുണം ചെയ്യുമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.