ഖത്തറിലേക്ക് തൊഴില്‍ തേടി വരുന്ന വിദേശികള്‍ക്ക് മുഴുവന്‍ രേഖകളും അതത് രാജ്യങ്ങളില്‍ നിന്ന് പൂര്‍ത്തീകരിക്കാന്‍ സംവിധാനം

ഖത്തറിലേക്ക് തൊഴില്‍ തേടി വരുന്ന വിദേശികള്‍ക്ക് മുഴുവന്‍ രേഖകളും അതത് രാജ്യങ്ങളില്‍ നിന്ന് പൂര്‍ത്തീകരിക്കാന്‍ സംവിധാനമൊരുങ്ങുന്നു . ഇതിന്‍െറ ഭാഗമായുള്ള നടപടി ക്രമങ്ങള്‍ക്കായി സ്വിറ്റ്സര്‍ലന്റ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ചുമതല നല്കാന് സാമൂഹിക ക്ഷേമ-തൊഴില്‍ വകുപ്പ് മന്ത്രാലയം തീരുമാനിച്ചു.
കഫാല സംവിധാനം എടുത്തുമാറ്റി തൊഴില്‍ കരാറടിസ്ഥാനത്തിലുള്ള പുതിയ നിയമം നടപ്പിലാക്കിയതോടെ ഖത്തറില്‍ തൊഴില്‍ തേടിയെത്തുന്ന വിദേശികളുടെ കാര്യത്തില്‍ കൂടുതല്‍ വ്യക്തത കൈവരുന്നുണ്ട്. സ്വന്തംരാജ്യങ്ങളില്വെച്ച് തന്നെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്, സ്വഭാവ സര്‍ട്ടിഫിക്കറ്റ് പരിശോധന, മെഡിക്കല്‍ പരിശോധന, തൊഴില്‍ കരാറില്‍ ഒപ്പ് വെക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാനുള്ള സംവിധാനമാണ് നിലവില്‍ വരുന്നത് . രാജ്യത്തെ തൊഴിലാളികളുടെ വരവും പോക്കും അടക്കമുള്ള നടപടികളുടെ രേഖകള്‍ കൈകകാര്യം ചെയ്യുന്നതിനുള്ള ചുമതലയായിരിക്കും സ്വിറ്റ്സര്‍ലന്റ് കമ്പനിക്ക് നല്‍കുക.
കമ്പനി ഉടന്‍ തന്നെ ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ തങ്ങളുടെ ഓഫീസുകള്‍ തുറക്കും. ഖത്തറിലേക്ക് തൊഴില്‍ വിസയെടുത്ത് വരുന്നവര്‍ക്കായുള്ള അനുബന്ധ കാര്യങ്ങള്‍ ഈ ഓഫീസുകള്‍ വഴിയാണ് പൂര്‍ത്തീകരിക്കുക . ഇത് സംബന്ധമായ നിര്‍ദേശങ്ങള്‍ കമ്പനി അധികൃതര്‍ക്ക് ഇതിനകം തന്നെ നല്കി കഴിഞ്ഞതായി പ്രദേശിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഗവണ്മെന്റുമായി പൂര്‍ണമായി സഹകരിച്ച് കൊണ്ട് ഈ കമ്പനിയായിരിക്കും മേലില്‍ തൊഴില്‍ വിസയടക്കടക്കമുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുക. തൊഴിലാളിയുടെ മുഴുവന്‍ അവകാശങ്ങളും സംരക്ഷിക്കാന്‍ പുതിയ സംവിധാനം സഹായകമാകുമെന്ന പ്രതീക്ഷയിലാണ് മന്ത്രാലയം .