LiveTV

Live

Gulf

സൗദിയില്‍ ഒരു റിയാൽ നോട്ടിന് പകരം ഇനി നാണയങ്ങള്‍

സൗദിയില്‍ ഒരു റിയാൽ നോട്ടിന് പകരം ഇനി നാണയങ്ങള്‍
Summary
ഘട്ടം ഘട്ടമായാണ് നാണയം വിപണിയിലെത്തിക്കുക

സൗദിയില്‍ ഒരു റിയാൽ നോട്ടുകൾ പിൻവലിക്കുന്നത് ആരംഭിച്ചതായി കേന്ദ്ര ബാങ്കായ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി. നോട്ടിന് പകരം നാണയങ്ങളാണ് പ്രചാരത്തിലുണ്ടാവുക. ഘട്ടം ഘട്ടമായാണ് നാണയം വിപണിയിലെത്തിക്കുക. നാണയങ്ങള്‍ സ്വീകരിക്കാത്ത സ്ഥാപനങ്ങള്‍ക്ക് നേരെ ശക്തമായ നടപടിയുണ്ടാകും.

ഒരു ഹലല, അഞ്ചു ഹലല, പത്തു ഹലല, ഇരുപത്തിയഞ്ചു ഹലല, അമ്പതു ഹലല, ഒരു റിയാൽ, രണ്ടു റിയാൽ നാണയങ്ങളാണ് പുതുതായി പുറത്തിറക്കിയിരിക്കുന്നത്. കുറഞ്ഞ വലിപ്പത്തിലും ഭാരത്തിലുമാണ് പുതിയ നാണയങ്ങളെത്തുന്നത്. പൂര്‍ണമായും പിന്‍വലിക്കും വരെ നാണയങ്ങൾക്കൊപ്പം ഒരു റിയാൽ കറൻസി നോട്ടുകൾക്കും സാധുതയുണ്ടാകുമെന്ന് സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി അഥവാ സാമ അറിയിച്ചു. നിശ്ചിത സമയക്രമം അനുസരിച്ച് ഒരു റിയാൽ കറൻസി വിപണിയിൽ നിന്ന് പിൻവലിക്കാനാണ് പദ്ധതി. രാജ്യത്ത് ക്രയവിക്രയം ചെയ്യപ്പെടുന്ന കറൻസി നോട്ടുകളുടെ എണ്ണത്തിൽ 49 ശതമാനവും ഒരു റിയാൽ കറൻസിയാണ്. എന്നാല്‍ ഒന്നര വര്‍ഷമാകുമ്പോഴേക്കും ഈ നോട്ടുകള്‍ നശിക്കും.

ഇത് വന്‍ ബാധ്യതയുണ്ടാക്കുന്ന സാഹചര്യത്തിലാണ് കോയിനുകള്‍ എത്തുന്നത്. എന്നാല്‍ നാണയങ്ങള്‍ 25 വര്‍ഷം വരെ നിലനില്‍ക്കും. നാണയങ്ങളുടെ പുനഃചംക്രമണവും എളുപ്പമാണ്. നിലവില്‍ നാണയങ്ങള്‍ പ്രചാരത്തിലുണ്ടെങ്കിലും ഇവ ചെറുകിട വ്യാപാര സ്ഥാപനങ്ങളൊന്നും സ്വീകരിക്കാത്ത സാഹചര്യമുണ്ട്. ഇത് വ്യാപകമായതോടെയാണ് നടപടി. ബഖാലകള്‍ ഉള്‍പ്പെടെയുള്ള ചെറുകിട സ്ഥാപനങ്ങള്‍ നാണയങ്ങള്‍ നിരസിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്.