LiveTV

Live

Gulf

ദുബൈയിലെ നന്മയുടെ വിളക്കുമരം

ദുബൈയിലെ നന്മയുടെ വിളക്കുമരം
Summary
ദുബൈ അറേബ്യന്‍ സെന്റര്‍ മാളില്‍ വര്‍ണ വിളക്കുകള്‍ കൊണ്ട് അലംകൃതമാക്കി ഉയര്‍ത്തിയ മരത്തിനു കീഴില്‍ മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന എന്തും നിക്ഷേപിക്കാം. പണം പുസ്തകങ്ങള്‍, വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍... അങ്ങിനെ എല്ലാം.

റമദാനും പെരുന്നാളിനും ആവശ്യമായ ഷോപ്പിങ് നടത്താനിറങ്ങുമ്പോള്‍ ജീവകാരുണ്യത്തിനുള്ള അവസരം ഒരുക്കി ദുബൈയിലെ ഒരു വ്യാപാരകേന്ദ്രം. സൗഭാഗ്യങ്ങളില്‍ നിന്ന് അകന്നു പോയ സഹജീവികളെക്കുറിച്ച ഓര്‍മകള്‍ കൂടി ഉണര്‍ത്തുകയാണ് വേറിട്ട ഈ സംവിധാനം.

ഇത് റമദാനിലെ ഒരു വിളക്കുമരം. സന്തോഷത്തിന്റെ വെളിച്ചം പതിത വിഭാഗങ്ങള്‍ക്കു കൂടി പകര്‍ന്നു നല്‍കാന്‍ പ്രേരിപ്പിക്കുകയാണ് ഈ വിളക്കുമരം. ദുബൈ അറേബ്യന്‍ സെന്റര്‍ മാളില്‍ വര്‍ണ വിളക്കുകള്‍ കൊണ്ട് അലംകൃതമാക്കി ഉയര്‍ത്തിയ മരത്തിനു കീഴില്‍ മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന എന്തും നിക്ഷേപിക്കാം.

പണം പുസ്തകങ്ങള്‍, വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍... അങ്ങിനെ എല്ലാം. ഇവ ശേഖരിച്ച് എമിറേറ്റ്‌സ് റെഡ്ക്രസന്റിന് കൈമാറാനാണ് പദ്ധതി. സിറിയ, യമന്‍, സോമാലിയ എന്നിവിടങ്ങളിലെ അഭയാര്‍ഥി ക്യാമ്പുകളിലുള്ള 40000 ലേറെ കുഞ്ഞുങ്ങള്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍.

ദുബൈ പൊലീസ് അധികൃതരുടെ പങ്കാളിത്തത്തിലാണ് റമദാന്‍ ആരംഭരാത്രിയില്‍ തന്നെ മരം സ്ഥാപിച്ചത്. കാഴ്ചക്കാര്‍ക്ക് കണ്ണിന് തണുപ്പേകി ഈദ് ആഘോഷവേള വരെ പ്രകാശമരം ഇവിടെയുണ്ടാവും. പിന്നീട് അകലങ്ങളിലുള്ള നൂറുകണക്കിന് കുഞ്ഞുജീവിതങ്ങളിലേക്ക് ആ പ്രകാശം ഒഴുകിപ്പരക്കും.