LiveTV

Live

Gulf

മഹല്ല് കമ്മിറ്റിയും ഉദാരമതികളും കൈകോര്‍ത്തു: ദുബൈയില്‍ മലയാളിക്ക് ജയില്‍ മോചനം

മഹല്ല് കമ്മിറ്റിയും ഉദാരമതികളും കൈകോര്‍ത്തു: ദുബൈയില്‍ മലയാളിക്ക് ജയില്‍ മോചനം
Summary
തുണയായത് 'മീഡിയവണ്‍' വാര്‍ത്ത

ദിയാധനം നല്‍കാന്‍ പണമില്ലാതെ ദുബൈയിലെ ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവിന് മോചനം. തൃശൂര്‍ തളിക്കുളം സ്വദേശി റാഫിയാണ് മോചിതനായത്. തളിക്കുളം മഹല്ല് കമ്മിറ്റിക്കൊപ്പം മനുഷ്യസ്നേഹികള്‍ കൈകോര്‍ത്ത്, കോടതിയില്‍ അടക്കാനുള്ള 18 ലക്ഷത്തിലേറെ രൂപ കണ്ടെത്തുകയായിരുന്നു. റാഫിയുടെ ജയില്‍വാസത്തെ കുറിച്ച മീഡിയവണ്‍ റിപ്പോര്‍ട്ടാണ് ഉദാരമതിയുടെ കൂട്ടായ്മക്ക് വഴിയൊരുക്കിയത്. മീഡിയവണ്‍ ഇംപാക്ട്.

ബൈക്കിന് പിറകില്‍ മറ്റൊരു ബൈക്കിടിച്ച് ഇറാന്‍ സ്വദേശി മരിച്ച കേസിലാണ് ബ്ലഡ് മണി നല്‍കാന്‍ പണമില്ലാതെ റാഫി മാസങ്ങളായി ദുബൈയിലെ ജയിലില്‍ കഴിഞ്ഞിരുന്നത്. റെസ്റ്റോറന്റിലെ ഡെലവറി ബോയിയായിരുന്നു ഈ യുവാവ്. മരിച്ചയാളുടെ കുടുംബത്തിന് ഒരു ലക്ഷം ദിര്‍ഹം ദിയാ പണത്തിന് പുറമെ, 5,700 ദിര്‍ഹം പിഴയും നല്‍കണമായിരുന്നു. റാഫിയുടെ നിര്‍ധന കുടുംബത്തിന് ഈ തുക കണ്ടെത്താന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞാണ് തളിക്കുളം ജമാഅത്ത് കമ്മിറ്റി ഇദ്ദേഹത്തെ സഹായിക്കാന്‍ രംഗത്തിറങ്ങിയത്.

റാഫിയുടെ ജയില്‍വാസത്തെ കുറിച്ച മീഡിയവണിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സഹായവുമായി സ്ഥാപനങ്ങളും വ്യക്തികളും കൂട്ടായ്മകളും മുന്നോട്ടുവന്നു. പ്രമുഖ ജ്വല്ലറി മുതല്‍ ബൈക്ക് റൈഡര്‍മാരുടെ ക്ലബ് വരെ മോചനത്തിനായി കൈകോര്‍ത്തു.‌‌

ഇതുവരെ കണ്ടിട്ടില്ലാത്ത ഇളയമകനെ കാണാന്‍ റാഫി ഉടന്‍ നാട്ടിലേക്ക് തിരിക്കും. റാഫിക്ക് പുതിയൊരു ജോലി കണ്ടെത്തി നല്‍കാനുള്ള തയാറെടുപ്പിലാണ് മഹല്ല് കമ്മിറ്റിയിപ്പോള്‍.