LiveTV

Live

Gulf

ഗള്‍ഫ് ഫുഡ് മേളയില്‍ ഇന്ത്യന്‍ സ്റ്റാളില്‍ മാത്രം 'ബീഫ് പേടി'

ഗള്‍ഫ് ഫുഡ് മേളയില്‍ ഇന്ത്യന്‍ സ്റ്റാളില്‍ മാത്രം 'ബീഫ് പേടി'
Summary
ആസ്ട്രേലിയയില്‍ നിന്ന് ബീഫ്, ബ്രസീലില്‍ നിന്നും ബീഫ്... എന്തിന് ജപ്പാനില്‍ നിന്ന് വരെ ബീഫുണ്ട്. പക്ഷെ, ഇന്ത്യന്‍ സ്റ്റാളിലെത്തിയാല്‍....

ആഗോള ഭക്ഷ്യോല്‍പന്ന കയറ്റുമതിക്കാര്‍ സമ്മേളിക്കുന്ന ദുബൈയിലെ 'ഗള്‍ഫ് ഫുഡ്' മേളയില്‍ ഇന്ത്യയില്‍ നിന്നുള്ള നിരവധി മാട്ടിറച്ചി കയറ്റുമതിക്കാരുമുണ്ട്. ബീഫ് കയറ്റുമതിയില്‍ ലോകത്തെ രണ്ടാം സ്ഥാനക്കാരാണെങ്കിലും ഇന്ത്യന്‍ സ്റ്റാളില്‍ 'ബീഫ്' എന്ന പദം പടിക്ക് പുറത്താണ്.

ഇന്ത്യയില്‍ ഇപ്പോഴും തൊട്ടാല്‍പൊള്ളുന്ന ഭക്ഷ്യവിഭവമാണ് ബീഫ്. ഗള്‍ഫ് ഫുഡ് പോലൊരു അന്താരാഷ്ട്ര മേളയില്‍ ബീഫിന്റെ അവസ്ഥയെന്താണ്. ആസ്ട്രേലിയയില്‍ നിന്ന് ബീഫ്, ബ്രസീലില്‍ നിന്നും ബീഫ്... എന്തിന് ജപ്പാനില്‍ നിന്ന് വരെ ബീഫുണ്ട്. പക്ഷെ, ഇന്ത്യന്‍ സ്റ്റാളിലെത്തിയാല്‍ ബീഫ് ബെഫെല്ലോ അഥവാ പോത്തിറച്ചിയായി മാറും. മറ്റുരാജ്യങ്ങളില്‍ പോത്തിറച്ചിയെ എന്താണ് വിളിക്കുക.


അവിടെയൊക്കെ പോത്തിറച്ചിയും ബീഫിന്റെ പട്ടികയിലാണ്. ബീഫ് നിരോധവും, ബീഫിന്റെ പേരിലെ കൊലപാതകങ്ങളും വിവാദമായതോടെ ഇന്ത്യന്‍ സ്റ്റാളുകളില്‍ ബീഫ് എന്ന വാക്കുപോലും പുറത്തായി. എന്നാല്‍, ബീഫ് രാഷ്ട്രീയം ഇന്ത്യയുടെ മാട്ടിറച്ചി കയറ്റുമതിയെ പിന്നാട്ടടിച്ചു എന്ന അഭിപ്രായമുണ്ട് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക്‍.

ഞങ്ങളും ബീഫ് കയറ്റുമതി ചെയ്യുന്നവരാണെന്ന് അവകാശപ്പെടാന്‍ ധൈര്യം കാണിക്കാത്തതുകൊണ്ടാണ് ഇന്ത്യ മാട്ടിറച്ചി കയറ്റുമതി രംഗത്ത് ഇന്നും ബ്രസീലിന് പിന്നില്‍ നില്‍ക്കുന്നതെന്നാണ് ഈ രംഗത്തുള്ളവരുടെ വിലയിരുത്തല്‍.