LiveTV

Live

Gulf

മീഡിയവണ്‍ 'പ്രവാസോല്‍സവം' ഇന്ന്

മീഡിയവണ്‍ 'പ്രവാസോല്‍സവം' ഇന്ന്
Summary
മീഡിയവണ്‍ അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരുക്കുന്ന ആഘോഷത്തില്‍ നടന്‍ മോഹന്‍ലാല്‍, ഗായകന്‍ എം ജി ശ്രീകുമാര്‍, ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മി

മീഡിയവണ്‍ പ്രവാസോല്‍സവത്തിന് ഇന്ന് രാത്രി ദുബൈ ആഗോളഗ്രാമം വേദിയാകും. മീഡിയവണ്‍ അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരുക്കുന്ന ആഘോഷത്തില്‍ നടന്‍ മോഹന്‍ലാല്‍, ഗായകന്‍ എം ജി ശ്രീകുമാര്‍, ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മി എന്നിവരെ ആദരിക്കും. മേളയുടെ അവസാനവട്ട ഒരുക്കങ്ങള്‍ ദുബൈയില്‍ പുരോഗമിക്കുകയാണ്. യു എ ഇ സമയം രാത്രി എട്ടരക്ക് മേളക്ക് തിരശ്ശീല ഉയരും.

അഭിനയത്തികവിന്റെ 40 വര്‍ഷം പിന്നിമ്പോഴാണ് വിസ്മയനടന്‍ മോഹന്‍ലാലിനെ മീഡിയവണ്‍ പ്രവാസോല്‍സവത്തില്‍ ആദരിക്കുന്നത്. ഒപ്പം പിന്നണിഗാന രംഗത്ത് 35 വര്‍ഷം പിന്നിട്ട ഗായകന്‍ എം.ജി. ശ്രീകുമാര്‍, 'മിന്നാമിനുങ്ങി'ലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട സുരഭി ലക്ഷ്മി എന്നിവരും ഗള്‍ഫിലെ സഹൃദയസദസ്സിന്റെ ആദരം ഏറ്റുവാങ്ങും. കലാ,സംഗീത മേഖലകളിലെ വലിയൊരു നിര വേദിയിൽ എത്തുന്നുണ്ട്.

കലാവിരുന്ന് വേറിട്ടതാക്കാനുള്ള ഒരുക്കങ്ങളാണ് അണിയറയില്‍ ആദ്യമായാണ് ദുബൈ ഗ്ലോബല്‍ വില്ലേജിന്റെ മുഖ്യവേദി ഒരു മലയാളം ചാനലിന്റെ ആഘോഷങ്ങള്‍ക്ക് ഒരുങ്ങുന്നത്. നൈല ഉഷ, സ്റ്റീഫൻ ദേവസ്യ, ബാലഭാസ്കർ, ഹരിചരൺ, മഞ് ജരി, വിനോദ് കോവൂർ. സയനോര, ശ്രേയകുട്ടി തുടങ്ങിയവര്‍ കലാവിരുന്നൊരുക്കാനുണ്ടാകും. മൂന്നര മണിക്കൂർ നീളുന്ന മേളയില്‍ 'അളിയൻസ് ' നര്‍ത്തകസംഘവും എത്തും. ഗ്ലോബല്‍ വില്ലേജിലേക്ക് പ്രവേശന ടിക്കറ്റെടുക്കുന്ന ആര്‍ക്കും 'പ്രവാസോല്‍സവം' ആസ്വദിക്കാം.