LiveTV

Live

Gulf

വാറ്റ് ഒമാനിലെ ചരക്കുകടത്ത്​ മേഖലയെ ദോഷകരമായി ബാധിക്കുമെന്ന്​ ആശങ്ക

വാറ്റ് ഒമാനിലെ ചരക്കുകടത്ത്​ മേഖലയെ ദോഷകരമായി ബാധിക്കുമെന്ന്​ ആശങ്ക
Summary
വാറ്റ്​ പ്രാബല്യത്തിലാകുന്നതോടെ ഒമാനിലെ ചെറുകിട വ്യാപാരികൾ യു.എ.ഇ മൊത്തവ്യാപാര മാർക്കറ്റിൽ നിന്ന്​ ഉൽപന്നങ്ങൾ എടുക്കുന്നത്​ കുറയും

ജനുവരി ഒന്ന്​ മുതൽ യു.എ.ഇയിൽ മൂല്യവർധിത നികുതി പ്രാബല്യത്തിലാകുന്നത്​ ഒമാനിലെ ചരക്കുകടത്ത്​ മേഖലയെ ദോഷകരമായി ബാധിക്കുമെന്ന്​ ആശങ്ക. വാറ്റ്​ പ്രാബല്യത്തിലാകുന്നതോടെ ഒമാനിലെ ചെറുകിട വ്യാപാരികൾ യു.എ.ഇ മൊത്തവ്യാപാര മാർക്കറ്റിൽ നിന്ന്​ ഉൽപന്നങ്ങൾ എടുക്കുന്നത്​ കുറയും. ഇത് ചരക്കുകടത്തിലും ഗണ്യമായ കുറവുണ്ടാക്കുമെന്നതാണ് ആശങ്കക്ക് കാരണം.

ഒമാനിലെ ചെറുകിട വ്യാപാരികളിൽ പലർക്കും യു.എ.ഇയിൽ കയറ്റുമതി ലൈസൻസില്ല. അതിനാൽ ഇവർ യു.എ.ഇയിൽനിന്ന്​ ചരക്കെടുക്കുമ്പോൾ അഞ്ച്​ ശതമാനം വാറ്റ്​ നൽകേണ്ടി വരും. അതേസമയം, യു.എ.ഇയിൽനിന്ന്​ ലൈസൻസോടെ കയറ്റുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക്​ വാറ്റ്​ ബാധകമല്ല. അതിനാൽ വാറ്റ്​ ഉൾപ്പെടെയുള്ള വിലയിൽ ഒമാനിൽ സാധനങ്ങൾ വിൽപന നടത്താൻ കഴിയില്ല. അതേസമയം, ഒമാനിലും അഞ്ച്​ ശതമാനം വാറ്റ്​ നടപ്പാക്കുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടും. 2019ലാണ്​ ഒമാനിൽ വാറ്റ്​ നടപ്പാക്കുകയെന്ന്​ അധികൃതർ വ്യക്​തമാക്കിയിട്ടുണ്ട്​. അതിനാൽ ചരക്കുകടത്ത്​ മേഖലയിൽ ഉണ്ടാകുന്ന പ്രതിസന്ധി ഒരു വർഷത്തിന്​ ​ശേഷം പരിഹരിക്കപ്പെടുമെന്നാണ്​ പ്രതീക്ഷ. ദുബൈയിൽനിന്ന് റോഡുമാർഗം ഒമാനിലേക്ക്​ ചരക്ക്​ കൊണ്ടുവരുന്ന നിരവധി ട്രാൻസ്‌പോർട്ട് കമ്പനികൾ രാജ്യത്തുണ്ട്​.

മലയാളികൾ ഏറെ പ്രവർത്തിക്കുന്ന മേഖല കൂടിയാണിത്​. പുതു വർഷത്തിൽ യു.എ.ഇയിൽ ആരംഭിക്കുന്ന വാറ്റ് ചരക്കുനീക്കത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ഈ മേഖലയിലുള്ളവർ. ഒമാനിലെ ചെറുകിട കച്ചവടക്കാർ ദുബൈയിലെത്തി തങ്ങളുടെ സ്ഥാപനത്തിലേക്ക്​ ആവശ്യമുള്ള വിൽപന ഉൽപന്നങ്ങൾ മൊത്തക്കച്ചവടക്കാരിൽനിന്ന്​ ശേഖരിച്ച്​ ട്രാൻസ്‌പോർട്ട് കമ്പനികൾ മുഖേന അയക്കുകയാണ്​ ചെയ്​തുവരുന്നത്​.വർഷങ്ങളായി ഈ മേഖലയിൽ മലയാളികളുടെ സാന്നിധ്യം കൂടുതലായുണ്ട്. കൂടാതെ പാകിസ്​താനികളും മറ്റു രാജ്യക്കാരും ഈ മേഖലയിൽ പ്രവർത്തിക്കുന്നു.