LiveTV

Live

Gulf

കുവൈത്തിൽ റോഡ് ലൈനുകളും അടയാളങ്ങളും പാലിക്കാതെ വാഹനമോടിക്കുന്നവർ സൂക്ഷിക്കുക

കുവൈത്തിൽ റോഡ് ലൈനുകളും അടയാളങ്ങളും പാലിക്കാതെ വാഹനമോടിക്കുന്നവർ സൂക്ഷിക്കുക
Summary
പാതയോരങ്ങളിലും ഫുട്പാത്തുകളിലും നിർത്തിയിടുന്ന വാഹനങ്ങൾപിടിച്ചെടുത്തു രണ്ടു മാസത്തേക്ക് കസ്റ്റഡിയിൽ വെക്കുന്ന നിയമം കഴിഞ്ഞ ആഴ്ച മുതലാണ് പ്രാബല്യത്തിലായത്

കുവൈത്തിൽ റോഡ് ലൈനുകളും അടയാളങ്ങളും പാലിക്കാതെ വാഹനമോടിക്കുന്നവർ സൂക്ഷിക്കുക. ഇത്തരം വാഹനങ്ങൾ രണ്ടു മാസത്തേക്ക് കസ്റ്റഡിയിൽ എടുക്കാനാണു ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. റോഡപകടങ്ങൾ കുറക്കുന്നതിന്റെ ഭാഗമായാണ് ഗതാഗതമേഖലയിൽ നിയമങ്ങൾ കർശനമാക്കാൻ അധികൃതർ ഒരുങ്ങുന്നത്.

പാതയോരങ്ങളിലും ഫുട്പാത്തുകളിലും നിർത്തിയിടുന്ന വാഹനങ്ങൾപിടിച്ചെടുത്തു രണ്ടു മാസത്തേക്ക് കസ്റ്റഡിയിൽ വെക്കുന്ന നിയമം കഴിഞ്ഞ ആഴ്ച മുതലാണ് പ്രാബല്യത്തിലായത്. ഡ്രൈവർ ഉൾപ്പെടെ മുൻസീറ്റിലെ യാത്രക്കാർ സീറ്റ്ബെൽറ്റ് ധരിച്ചില്ലെങ്കിലും, ഡ്രൈവ് ചെയ്തു കൊണ്ടിരിക്കെ മൊബൈൽ ഫോൺ ഉപയോഗിച്ചാലും ഇതേ ശിക്ഷയാണ്. പിഴ, വാഹനം ട്രാഫിക്ക് ഗാരേജിലേക്കു കൊണ്ട് പോകുന്നതിനുള്ള ചെലവ് , ഗാരേജ് വാടക , എന്നിവയും വാഹന ഉടമയിൽ നിന്നാണ് ഈടാക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് പ്രാബല്യത്തിൽ വന്നത് മുതൽ നിയമലംഘനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായാണ് റിപ്പോർട്ട് . ഈ സാഹചര്യത്തിലാണ് റോഡുകളിലെ സൂചനാ ലൈനുകളും അടയാളങ്ങളും അവഗണിക്കുന്നവർക്കും സമാന ശിക്ഷ നൽകാൻ അധികൃതർ ആലോചിക്കുന്നത് . കൂടുതൽ നിയമലംഘനങ്ങൾ പുതിയ ഉത്തരവിന്റെ പരിധിയിലാക്കാനും ട്രാഫിക്ക് ഡിപ്പാർട്ട്മെന്റിന് പദ്ധതിയുണ്ട് . അതോടൊപ്പം വിദേശികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിന് നിലവിലുള്ള മാനദണ്ഡങ്ങൾ പുനഃപരിശോധിക്കാൻ ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട് .ഇതിനായി നിലവിൽ ലൈസൻസിന് യോഗ്യതയുള്ള തസ്തികകളും മറ്റും വിശദമായി പഠനവിധേയമാക്കും . അധികം വൈകാതെ ഇക്കാര്യത്തിൽ ഉചിതമായ ഒരു തീരുമാനമുണ്ടാകുമെന്നാണ് മന്ത്രാലയവൃത്തങ്ങൾ നൽകുന്ന സൂചന.