LiveTV

Live

Gulf

സന്ദർശന വിസ നിയമങ്ങൾ ഉദാരമാക്കാൻ കുവൈത്ത്

സന്ദർശന വിസ നിയമങ്ങൾ ഉദാരമാക്കാൻ കുവൈത്ത്
Summary
ആഭ്യന്തരമന്ത്രാലയത്തിലെ താമസകാര്യവകുപ്പ് മേധാവി മേജർ ജനറൽ തലാൽ മഅ്റഫിയാണ് അൽ റായ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം സൂചിപ്പിച്ചത്

കുവൈത്തിൽ സന്ദർശന വിസ നിയമങ്ങൾ ഉദാരമാക്കാൻ ആഭ്യന്തരമന്ത്രാലയത്തിന് പദ്ധതിയുള്ളതായി റിപ്പോർട്ട്. ബിസിനസ്സ് മേഖലയിലുള്ളവർക്ക് ഒരു വർഷംവരെ കാലപരിധിയുള്ള മൾട്ടിപ്പിൾ എൻട്രി വിസ അനുവദിക്കുന്നതടക്കമുള്ള നിർദേശങ്ങൾ ഫത് വ നിയമനിർമാണ ബോർഡിന്റെ അംഗീകാരത്തിന് സമർപ്പിച്ചു. സാമ്പത്തിക നിക്ഷേപ രംഗങ്ങളിൽ ഉണർവുണ്ടാക്കുകയാണ് പുതിയ നീക്കത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.

ആഭ്യന്തരമന്ത്രാലയത്തിലെ താമസകാര്യവകുപ്പ് മേധാവി മേജർ ജനറൽ തലാൽ മഅ്റഫിയാണ് അൽ റായ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം സൂചിപ്പിച്ചത്. നിലിവിലെ വിസ നിയമങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച കരട് രൂപരേഖ ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദ് അൽ ജർറാഹ് ഫത്വ നിയമ നിർമാണ ബോർഡിന് കൈമാറിയതായി തലാൽ മഅ്റഫി പറഞ്ഞു. ബിസിനസ്സ് രംഗത്തുള്ളവർക്ക് ഒരു വർഷംവരെ കാലപരിധിയുള്ള മൾട്ടിപ്പിൾ എൻട്രി വിസ അനുവദിക്കുമെന്നതാണ് പ്രധാന ഭേദഗതി. കുവൈത്തിലെ സ്വകാര്യ യൂനിവേഴ്സിറ്റികളിൽ വിദേശ വിദ്യാർഥികൾക്ക് ഉന്നത പഠനം നടത്തുന്നതിന് പ്രവേശന വിസ അനുവദിക്കുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. പഠനത്തിന് ശേഷം വിദ്യാർഥികൾക്ക് ഈ വിസയിൽനിന്നുകൊണ്ട് തന്നെ രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളിലേക്ക് വിസ മാറ്റാൻ സാധിക്കുമെന്ന പ്രത്യേകതയും ഇതിനുണ്ട്. വിദേശ വിദ്യാർഥികളെ ആകർഷിക്കുന്നതോടൊപ്പം പഠനശേഷം അവരുടെ കഴിവുകൾ രാജ്യത്തു തന്നെ പ്രയോജനപ്പെടുത്താമെന്ന കാഴ്ചപ്പാടും ഇതിന്റെ പിന്നിലുണ്ട്. കുവൈത്തിലെ സ്വകാര്യ ആശുപത്രികളിൽവിദഗ്ധ ചികിത്സ ഉദ്ദേശിച്ചുവരുന്ന വിദേശികൾക്കു പ്രത്യേക ചികിത്സ വിസ

അനുവദിക്കാനാണ് മറ്റൊരു തീരുമാനം. ഇക്കാര്യത്തിൽ സ്വകാര്യ ആശുപത്രികളുമായി ഉടമ്പടികളിലെത്തും. രോഗം മാറുന്നതുവരെ എന്ന കാലപരിധിയായിരിക്കും മെഡിക്കൽ വിസക്കുണ്ടാകുക. വിസനിയമങ്ങൾ ഉദാരമാക്കുന്നതിലൂടെ രാജ്യത്തെ സാമ്പത്തിക, വാണിജ്യ മേഖലകളിൽ വൻ തോതിൽ ഗുണം ഉണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.