LiveTV

Live

Gulf

മക്ക ക്രെയിനപകടം; കമ്പനിയേയും പ്രതികളേയും കുറ്റവിമുക്തരാക്കി

മക്ക ക്രെയിനപകടം; കമ്പനിയേയും പ്രതികളേയും കുറ്റവിമുക്തരാക്കി
Summary
മക്ക ക്രെയിന്‍ അപകടത്തില്‍ 13 പ്രതികളേയും ബിന്‍ലാദന്‍ കമ്പനിയേയും കോടതി കുറ്റവിമുക്തരാക്കി. അസാധാരണമായ കാറ്റാണ് അപകടത്തിന് കാരണമായതെന്ന വാദം അംഗീകരിച്ചാണ് കോടതി വിധി. അപകടത്തില്‍ 107പേരാണ്..

മക്ക ക്രെയിന്‍ അപകടത്തില്‍ 13 പ്രതികളേയും ബിന്‍ലാദന്‍ കമ്പനിയേയും കോടതി കുറ്റവിമുക്തരാക്കി. അസാധാരണമായ കാറ്റാണ് അപകടത്തിന് കാരണമായതെന്ന വാദം അംഗീകരിച്ചാണ് കോടതി വിധി. അപകടത്തില്‍ 107പേരാണ് മരിച്ചത്. വിധിയില്‍ അപ്പീല്‍ പോകാനാണ് പ്രോസിക്യൂഷന്‍ തീരുമാനം.

2015 സെപ്റ്റംബര്‍ 11നാണ് ഹറമില്‍ അപകടമുണ്ടായത്. ഹജ്ജിന് തൊട്ടമുമ്പായി ഹറമില്‍ കനത്ത കാറ്റിലും മഴയിലും ക്രെയിന്‍ നിലം പൊത്തുകയായിരുന്നു. ഈ അപകടത്തിലെടുത്ത കേസിലാണ് കോടതി വിധി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 107പേരന്ന് മരിച്ചു. പരിക്കേറ്റത് 238 പേര്‍ക്ക്. ഹറം നിര്‍മാണ പ്രവൃത്തിയുടെ കോണ്‍ട്രാക്റ്റ് ബിന്‍ലാദന്‍ കമ്പനിക്കായിരുന്നു. ഇതോടെ കമ്പനിയേയും ഉദ്യോഗസ്ഥരടക്കം പതിമൂന്ന് പേരെയും ചേര്‍ത്ത് കേസെടുത്തു.

രണ്ട് വര്‍ഷത്തിലേറെയായി കേസില്‍ വാദപ്രതിവാദനങ്ങള്‍ നടന്നു. ഒടുവില്‍ കോടതിയുടെ കണ്ടെത്തലിങ്ങിനെ: പ്രതികൂല കാലാവസ്ഥയായിരുന്നു അപകടദിവസം ഹറമിലുണ്ടായിരുന്നത്. ഇതേ തുടര്‍ന്നുള്ള അസാധാരണ കാറ്റാണ് അപകടമുണ്ടാക്കിയത്. അപകടത്തില്‍ കമ്പനിക്കോ ക്രയിന്‍ കൈകാര്യം ചെയ്തിരുന്നവര്‍ക്കോ നേരിട്ട് പങ്കില്ല.

അപകട ദിവസം വൈകീട്ട് അഞ്ച് മണിക്ക് ക്രയിന്‍ പൂര്‍ണമായും സുരക്ഷിതമായ അവസ്ഥയിലായിരുന്നുവെന്ന് പ്രതിഭാഗം വാദിച്ചു. വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി വിധി. വിധിക്കെതിരെ ഒരു മാസത്തിനകം അപ്പീല്‍ സമര്‍പ്പിക്കാമെന്നും വിധിന്യായത്തിലുണ്ട്. ഇതനുസരിച്ച് വിധി പകര്‍പ്പ് ലഭിച്ചാല്‍ ഉടന്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് പബ്ളിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.