LiveTV

Live

Gulf

അനധികൃത റിയൽ എസ്റ്റേറ്റ്​ ബ്രോക്കർമാർക്കെതിരെ കർശന മുന്നറിയിപ്പുമായി ഒമാന്‍

അനധികൃത റിയൽ എസ്റ്റേറ്റ്​ ബ്രോക്കർമാർക്കെതിരെ കർശന മുന്നറിയിപ്പുമായി ഒമാന്‍
Summary
റിയൽ എസ്റ്റേറ്റ്​ ബ്രോക്കറിങിന്റെ ക്രമീകരണവുമായി ബന്ധപ്പെട്ട 19 ആർട്ടിക്കിളിന്റെ ലംഘനമാണിത്

ഒമാനിൽ അനധികൃത റിയൽ എസ്റ്റേറ്റ്​ ബ്രോക്കർമാർക്കെതിരെ കർശന മുന്നറിയിപ്പുമായി പബ്ലിക്​ പ്രോസിക്യൂഷൻ. ബന്ധപ്പെട്ട വകുപ്പിൽ നിന്നുള്ള അനുമതിയില്ലാതെ പണം വാങ്ങി വസ്തു ഇടപാടുകൾക്ക്​ മധ്യസ്ഥത നിൽക്കുന്നത്​ ശിക്ഷാർഹമായ നിയമവിരുദ്ധ പ്രവർത്തിയാണ്​. ആറു മാസം വരെ തടവും മൂവായിരം റിയാൽ വരെ പിഴയും നിയമലംഘകർക്ക്​ ശിക്ഷയായി ലഭിക്കുമെന്ന്​ പബ്ലിക്​ പ്രോസിക്യൂഷൻ അറിയിച്ചു.

റിയൽ എസ്റ്റേറ്റ്​ ബ്രോക്കറിങിന്റെ ക്രമീകരണവുമായി ബന്ധപ്പെട്ട 19 ആർട്ടിക്കിളിന്റെ ലംഘനമാണിത്​. ഒമാനി പൗരൻമാർക്കും രാജ്യത്ത്​ താമസക്കാരായ വിദേശികൾക്കും ഇത്​ ബാധകമാണ്​. മസ്കത്ത്​ കേന്ദ്രമായ റിയൽ എസ്റ്റേറ്റ്​ കമ്പനികൾക്ക്​ രജിസ്റ്റർ ചെയ്യുന്നതിനായി കഴിഞ്ഞ മെയ്​ അവസാനം വരെ സമയം നൽകിയിരുന്നു. റിയൽ എസ്റ്റേറ്റ്​ ബ്രോക്കറേജ്​ സ്ഥാപനങ്ങളോട്​ ഫീസ്​ അടച്ച്​ പെർമിറ്റ്​ സ്വന്തമാക്കാൻ കഴിഞ്ഞ വർഷം ഭവന മന്ത്രാലയം നിർദേശിച്ചിരുന്നു. മസ്കത്ത്​ ഗവർണറേറ്റിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അഞ്ഞൂറ്​ റിയാലും പുറത്ത്​ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ മുന്നൂറ്​ റിയാലുമാണ്​ പെർമിറ്റിനായി അടക്കേണ്ടത്​. ഫ്രീലാൻസ്​ ഇടപാടുകാരെ നിയന്ത്രിക്കാനും റിയൽ എസ്റ്റേറ്റ്​ ഇടപാടുകളിലെ ഉത്തരവാദിത്തവും സുതാര്യതയും വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ്​ പുതിയ നിർദേശമെന്ന്​ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഡയറക്ടറേറ്റ്​ ജനറൽ ഓഫ്​ റിയൽ എസ്റ്റേറ്റ്​ ഡെവലപ്​മെന്റിന്റെ ലൈസൻസോടെ പ്രൊഫഷനൽ സേവനങ്ങൾ നൽകാൻ ഏജൻസികളെ പര്യാപ്​തരാക്കുന്ന പുതിയ പരിഷ്​കരണം ആദ്യം മസ്കത്ത്​ ഗവർണറേറ്റിലാകും നിലവിൽ വരിക.