LiveTV

Live

Gulf

സിറിയൻ സൈനിക കേന്ദ്രങ്ങളിലെ ആക്രമണം: ​യുഎസിന്​ പിന്തുണയുമായി അറബ്​ ലോകം

സിറിയൻ സൈനിക കേന്ദ്രങ്ങളിലെ ആക്രമണം: ​യുഎസിന്​ പിന്തുണയുമായി അറബ്​ ലോകം
Summary
നിരപരാധികളായ ജനങ്ങൾക്ക്​ നേരെ രാസായുധ പ്രയോഗം നടത്തിയതിനുള്ള സ്വാഭാവിക പ്രതികരണം മാത്രമാണിതെന്നാണ്​ അറബ്​ ലോകത്തി​ന്‍റെ വിലയിരുത്തൽ.

സിറിയൻ സൈനിക കേന്ദ്രങ്ങളിൽ യു.എസ്​ നടത്തിയ സൈനികാക്രമണത്തിന്​ ഗൾഫ്​ ഉൾപ്പെടെ അറബ്​ ലോകത്തി​ന്‍റെ പൂർണ പിന്തുണ. നിരപരാധികളായ ജനങ്ങൾക്ക്​ നേരെ രാസായുധ പ്രയോഗം നടത്തിയതിനുള്ള സ്വാഭാവിക പ്രതികരണം മാത്രമാണിതെന്നാണ്​ അറബ്​ ലോകത്തി​ന്‍റെ വിലയിരുത്തൽ.

ഇറാ​ന്‍റെയും റഷ്യയുടെയും പിന്തുണയോടെ സാധാരണ മനുഷ്യരെ കൊ​ന്നൊടുക്കുന്ന അസദ്​ ഭരണകൂടത്തെ പാഠം പഠിപ്പിക്കാൻ കടുത്ത നടപടി ആവശ്യമാണെന്ന്​ ഗൾഫ്​ രാജ്യങ്ങളും അറബ്​ ലോകവും വ്യക്​തമാക്കി. റഷ്യയുടെ ഭാഗത്തു നിന്ന്​ കൂടുതൽ രാഷ്​ട്രീയ പക്വത ഉണ്ടാകുമെന്ന പ്രതീക്ഷയും അറബ്​ രാജ്യങ്ങൾ പങ്കുവെച്ചു. ​ട്രംപിനോടുളള വിയോജിപ്പുകൾ മാറ്റിവെച്ചു കൊണ്ടാണ്​ അറബ്​ ലോകത്തി​ന്‍റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്​.

ജനങ്ങൾക്ക്​ നേരെയുണ്ടായ ആക്രമണം സിറിയൻ സർക്കാർ തുടർച്ചയായി നടത്തുന്ന കുറ്റകൃത്യങ്ങളുടെ തുടർച്ചയാണെന്നും ഇത്​ അന്താരാഷ്​ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്നും യു.എ.ഇ ഉൾപ്പെടെ ഗൾഫ്​ രാജ്യങ്ങൾ പ്രസ്​താവനയിൽ ചൂണ്ടിക്കാട്ടി.

സിറിയയിലെ കാര്യങ്ങൾ നിയന്ത്രണാതീതമായതിന്​ സിറിയൻ സർക്കാറാണ്​ ഉത്തരവാദിയെന്ന്​ യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാശ് അഭിപ്രായപ്പെട്ടു. യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​ന്‍റെ തീരുമാനത്തെ സ്​ഥൈര്യമുള്ളതെന്നും വിവേകമുള്ളതെന്നും അദ്ദേഹം പ്രശംസിച്ചു.

അന്താരാഷ്​ട്രതലത്തിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിൽ ​ഐക്യരാഷ്​ട്ര സുരക്ഷാ കൗൺസിൽ പരാജയപ്പെട്ടതിന്​ ശേഷം യു.എസി​ന്‍റെ നിലപാട്​ ശക്​തമാക്കുന്നതാണ്​ തീരുമാനം. സിറിയൻ സർക്കാറി​ന്‍റെ കുറ്റകൃത്യങ്ങൾക്കെതിരെ പ്രതികരിക്കാനുള്ള യു.എസ്​ പ്രസിഡൻറി​ന്‍റെ നിശ്ചയദാർഢ്യമാണ്​ ഇത്​ കാണിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഏതായാലും അറബ്​ ലോകവുമായി അടുക്കാൻ ട്രംപ്​ ഭരണകൂടത്തിന്​ മികച്ച അവസരമാണ്​ സിറിയൻ ​സൈനിക നടപടിയിലൂടെ ലഭിച്ചിരിക്കുന്നത്​.