LiveTV

Live

Gulf

ഇന്ത്യന്‍ രൂപ കരുത്താര്‍ജിച്ചു; ഗള്‍ഫ് കറന്‍സികളുമായുള്ള വിനിമയ നിരക്കില്‍ ഇടിവ്

ഇന്ത്യന്‍ രൂപ കരുത്താര്‍ജിച്ചു; ഗള്‍ഫ് കറന്‍സികളുമായുള്ള വിനിമയ നിരക്കില്‍ ഇടിവ്
Summary
ഏപ്രില്‍ വരെ രൂപ കരുത്താര്‍ജിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍

ഇന്ത്യന്‍ രൂപ കരുത്താര്‍ജിച്ചതോടെ ദിര്‍ഹവുമായുള്ള വിനിമയനിരക്കില്‍ ഇടിവ്. ഈ പ്രവണത ഏപ്രില്‍ വരെ തുടര്‍ന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നത്. പ്രവാസികള്‍ക്ക് വരുമാന നഷ്ടത്തിന് ഇടവെക്കുന്നതാണ് നിലവിലെ സാഹചര്യം.

ഡോളറുമായുള്ള വിനിമയനിരക്കില്‍ രൂപ നല്ല മുന്നേറ്റം നടത്തുന്നതാണ് ഗള്‍ഫ് കറന്‍സികളുമായുള്ള വിനിമയ മൂല്യത്തെ ബാധിച്ചത്. പ്രമുഖ എക്സ്ചേഞ്ചുകളില്‍ ഒരു ദിര്‍ഹത്തിന് 17രൂപ 80 പൈസ എന്നതാണ് നിരക്ക്. 1000 രൂപ നാട്ടിലെത്താന്‍ വേണ്ടത് 56 ദിര്‍ഹം 16 ഫില്‍സ് നല്‍കണം. അടുത്ത കാലത്ത് ഇതാദ്യമായാണ് ദിര്‍ഹത്തിന്റെ വിനിമയനിരക്ക് 18 രൂപക്ക് ചുവടേക്കു വരുന്നത്. രൂപയുടെ വിനിമയ മൂല്യത്തിലുണ്ടായ കുതിപ്പ് കാരണം ദിര്‍ഹത്തിന് ഒരു രൂപ വരെ നഷ്ടപ്പെട്ട സാഹചര്യമാണുള്ളത്. പ്രവാസികളെ സംബന്ധിച്ചിടത്തോളം അത്രയൊന്നും ആഹ്ളാദകരമല്ല രൂപയുടെ മുന്നേറ്റം. യു.എ.ഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങള്‍ 5 ശതമാനം മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്താനിരിക്കെ, പ്രവാസലോകത്തെ ജീവിത ചെലവുകളും അധികരിക്കും.

അതേ സമയം ഊഹാധിഷ്ഠിത വ്യാപാരത്തിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ കാണുന്നതെന്നും ഏപ്രില്‍ മാസത്തോടെ മാത്രമേ ഈ പ്രവണത തുടരുമോ എന്ന് ഉറപ്പിക്കാനാവൂ എന്നും സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു. യു.പി തെരഞ്ഞെടുപ്പോടെ കേന്ദ്രസര്‍ക്കാറിന് ലഭിച്ച രാഷ്ട്രീയ നേട്ടം ഓഹരി വിപണിയിലും പ്രതിഫലിച്ചിരുന്നു. ഓഹരി സൂചികയിലെ കുതിപ്പ്, നേരിട്ടുള്ള വിദേശനിക്ഷേപം, ഇന്ത്യന്‍ ഓഹരികളോടുള്ള വിദേശധനകാര്യസ്ഥാപനങ്ങളുടെ താല്‍പര്യം എന്നിവയും രൂപയ്ക്ക് ഉണര്‍വേകുന്ന ഘടകങ്ങളാണ്.
അതിനിടെ, അമേരിക്ക, പലിശനിരക്കില്‍ വര്‍ധന വരുത്തിയത് ഗള്‍ഫ് കറന്‍സികള്‍ക്ക് ഗുണകരമായിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ രൂപയുടെ ഉണര്‍വിന് തടയിടുന്നതില്‍ ആ നീക്കം വേണ്ടത്ര
വിജയിച്ചില്ലെന്നാണ് വിലയിരുത്തല്‍.