LiveTV

Live

Gulf

ജനസംഖ്യാ സന്തുലനത്തില്‍ കുവൈത്ത് പാര്‍ലിമെന്റില്‍ കരട് പ്രമേയം

ജനസംഖ്യാ സന്തുലനത്തില്‍ കുവൈത്ത് പാര്‍ലിമെന്റില്‍ കരട് പ്രമേയം
Summary
സ്വദേശി ജനസംഖ്യയേക്കാള്‍ രാജ്യത്തെ വിദേശികളുടെ എണ്ണം കൂടാതിരിക്കാനാവശ്യമായ നിയമ ഭേദഗതി വേണമെന്നാണ് നിര്‍ദേശം.

ജനസംഖ്യാ സന്തുലനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് പാര്‍ലിമെന്റില്‍ കരട് പ്രമേയം. സ്വദേശി ജനസംഖ്യയേക്കാള്‍ രാജ്യത്തെ വിദേശികളുടെ എണ്ണം കൂടാതിരിക്കാനാവശ്യമായ നിയമ ഭേദഗതി വേണമെന്നാണ് നിര്‍ദേശം. എംപിമാരായ ഖലീല്‍ അല്‍ അബല്‍ ഔദ അല്‍ ഔദ, ഉമര്‍ അല്‍ തബ്തബാഇ, അഹമ്മദ് അല്‍ ഫാദില്‍ എന്നിവരാണ് കരട് നിര്‍ദേശം സമര്‍പ്പിച്ചത്.

നിലവില്‍ ഒരു സ്വദേശിക്ക് 2.5 വിദേശികള്‍ എന്ന തരത്തിലാണ് രാജ്യത്തെ ജനസംഖ്യാ അനുപാതം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 1.5 ആക്കി കുറച്ചു കൊണ്ട് വരണമെന്നാണ് പ്രമേയത്തിലെ പ്രധാന നിര്‍ദേശം. ഏതെങ്കിലും ഒരു രാജ്യക്കാരുടെ എണ്ണം സ്വദേശി ജനസംഖ്യയുടെ 30 ശതമാനത്തില്‍ കൂടാതിരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര പദ്ധതികള്‍ ആവിഷ്‌കരിക്കണം എന്നും പാര്‍ലിമെന്റ് അംഗങ്ങള്‍ നിര്‍ദേശിച്ചു.

അവിദഗ്ധ തൊഴിലാളികളും മതിയായ രേഖകള്‍ ഇല്ലാത്തവരുടെ ആയി പത്തു ലക്ഷത്തോളം വിദേശികള്‍ രാജ്യത്തുണ്ടെന്നും ഇവരെ മുഴുവന്‍ നാടുകടത്തണമെന്നും ഡോ ഖലീല്‍ അബല്‍ എം പി ആവശ്യപ്പെട്ടു. തൊഴില്‍ വിസ അനുവദിക്കുമ്പോള്‍ ബിരുദ ധാരികളായ വിദേശികളെ മാത്രം പരിഗണിക്കുക. അവിദഗ്ധ തൊഴിലാളികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാതിരിക്കുക ജനസംഖ്യാനുപാതത്തിലെ അന്തരം ഇല്ലാതാക്കി തൊഴില്‍ വിപണി ക്രമീകരിക്കുന്നതിനു പ്രത്യേക സമിതി രൂപീകരിക്കുക എന്നിവയാണ് പ്രമേയത്തിലെ മറ്റു നിര്‍ദേശങ്ങള്‍.

ജനസംഖ്യാ സന്തുലനവുമായി ബന്ധപ്പെട്ടു മുന്‍ പാര്‍ലമെന്റിലും പ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഇക്കാര്യത്തില്‍ പഠനങ്ങള്‍ തുടരുന്നതിനിടെയാണ് വീണ്ടും സമാന ആവശ്യവുമായി പാര്‍ലിമെന്റംഗങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്, കരട് നിര്‍ദേശം അംഗീകരിക്കപ്പെട്ടാല്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്‍ഡ്യക്കാരെ ആയിരിക്കും. നിലവില്‍ ഒമ്പതു ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് കുവൈത്തില്‍ പ്രവാസം നയിക്കുന്നത്.