LiveTV

Live

Gulf

പ്രവാസികളുടെ കൈവശമുള്ള ഇന്ത്യന്‍ കറന്‍സികളുടെ കാര്യത്തില്‍ അനിശ്ചിതാവസ്ഥ

പ്രവാസികളുടെ കൈവശമുള്ള ഇന്ത്യന്‍ കറന്‍സികളുടെ കാര്യത്തില്‍ അനിശ്ചിതാവസ്ഥ
Summary
ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ മുഖേന പണം മാറ്റാന്‍ സംവിധാനം ഒരുക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യന്‍ എംബസി ഉന്നത ഉദ്യോഗസ്ഥ നീത ഭൂഷണ്‍ വ്യക്തമാക്കി. ഗള്‍ഫിലെ സ്വകാര്യ ധന വിനിമയ സ്ഥാപനങ്ങളാകട്ടെ, അസാധുവാക്കിയ കറന്‍സികള്‍ സ്വീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.

പ്രവാസികളുടെ കൈവശമുള്ള, അസാധുവാക്കപ്പെട്ട 1000, 500 രൂപ കറന്‍സികളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിസ്സംഗ നിലപാട് തുടരുന്നു. പ്രശ്‌നത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടല്‍ തേടിയിട്ടുണ്ടെന്നാണ് ഗള്‍ഫിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ വ്യക്തമാക്കുന്നത്.

നാട്ടിലുള്ളവര്‍ക്ക് ഉപാധികളുടെ പുറത്ത് അസാധുവായ നോട്ടുകള്‍ മാറ്റി ലഭിക്കുമെങ്കിലും ഗള്‍ഫ് പ്രവാസികളുടെ കാര്യത്തില്‍ അനുഭാവപൂര്‍ണമായ ഒരു തീരുമാനവും ഇനിയും ഉണ്ടായിട്ടില്ല. പ്രവാസികളില്‍ പലരുടെയും പക്കല്‍ അസാധുവാക്കപ്പെട്ട ഇന്ത്യന്‍ രൂപ ധാരാളമായുണ്ട്. ഇവരില്‍ പലരും സഹായം തേടി എംബസിയെയും കോണ്‍സുലേറ്റിനെയും സമീപിച്ചിട്ടുണ്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ വിദേശകാര്യ വകുപ്പിന്റെ ഭാഗത്തു നിന്നുള്ള പ്രതികരണത്തിന് കാത്തിരിക്കുകയാണെന്ന് അബൂദബി ഇന്ത്യന്‍ എംബസി അധികൃതര്‍ പ്രതികരിച്ചു. ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ മുഖേന പണം മാറ്റാന്‍ സംവിധാനം ഒരുക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യന്‍ എംബസി ഉന്നത ഉദ്യോഗസ്ഥ നീത ഭൂഷണ്‍ വ്യക്തമാക്കി. ഗള്‍ഫിലെ സ്വകാര്യ ധന വിനിമയ സ്ഥാപനങ്ങളാകട്ടെ, അസാധുവാക്കിയ കറന്‍സികള്‍ സ്വീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.

കൈയിലുള്ള കറന്‍സി നേരിട്ടോ മറ്റാരെങ്കിലും മുഖേനയോ നാട്ടില്‍ കൊടുത്തയച്ച് മാറാനാണ് ഒരു വിഭാഗം പ്രവാസികളുടെ നീക്കം. ഡിസംബര്‍ 30 വരെ നാട്ടിലെ ബാങ്കുകളിലും പോസ്‌റ്റോഫീസുകളിലും തുടര്‍ന്ന് അടുത്ത മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്കിന്റെ കൗണ്ടറുകള്‍ മുഖേനയും പണം മാറാന്‍ സാധിക്കും. കാല്‍ ലക്ഷം രൂപയില്‍ കൂടുതല്‍ യാത്രയില്‍ കൈയില്‍ കരുതാനാകല്ലെന്ന പ്രയാസവും പ്രവാസികള്‍ നേരിടുന്നുണ്ട്.