പുതിയ ഹിജ്റ വര്‍ഷം സൌദി തൊഴില്‍ വിപണിയില്‍ പ്രതീക്ഷകള്‍ നല്‍കുന്നതാണെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍

പുതിയ ഹിജ്റ വര്‍ഷം സ്വദേശി തൊഴിലന്വേഷകര്‍ക്ക് സൌദി തൊഴില്‍ വിപണിയില്‍ പുതിയ പ്രതീക്ഷകള്‍ നല്‍കുന്നതാണെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. അതോടൊപ്പം പൊതു മേഖലയില്‍ സമൂലമായ പരിഷ്ക്കരണം സര്‍ക്കാര്‍ ജീവനക്കാരുടെ ഉല്പ്പന്നമതിത്വം വര്‍ധിപ്പിക്കുമെന്നും കണക്കുകൂട്ടുന്നു. സ്വകാര്യമേഖലയും പൊതുമേഖലയും കൈകോര്‍ക്കുന്നതിലൂടെ രാജ്യത്തെ തൊഴില്‍, സാമ്പത്തിക രംഗങ്ങളില്‍ പുത്തനുണര്‍വ് പ്രകടമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വിവിധ വിസ ഫീസുകളില്‍ ഏര്‍പ്പെടുത്തിയ വര്‍ധന രാജ്യത്തേക്ക് വിദേശികളുടെ പ്രത്യേകിച്ച് അവിദഗ്ദ്ധ തൊഴിലാളികളുടെ ഒഴുക്ക് നിയന്ത്രിക്കാന്‍ സഹായകമാകും. ഇതോടെ സ്വദേശി യുവതി യുവാക്കള്‍ക്ക് സ്വകാര്യ മേഖലയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുക. കൂടാതെ സ്വകാര്യ മേഖലയിലേക്ക് സ്വദേശികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ അനേകം പദ്ധതികളാണ് തൊഴില്‍ മന്ത്രാലയം രൂപം നല്‍കിയിട്ടുള്ളത്. വരും നാളുകളില്‍ കൂടുതല്‍ വാണിജ്യ മേഖലകളില്‍ സമ്പൂര്‍ണ സ്വദേശി വല്‍ക്കരണം നടപ്പാക്കുമെന്നും കരുതപ്പെടുന്നുണ്ട്. കച്ചവട കേന്ദ്രങ്ങളില്‍ തൊഴില്‍ സമയം ക്രമീകരിക്കുന്ന പ്രഖ്യാനം ഉടനെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കച്ചവട സ്ഥാപനങ്ങള്‍ രാത്രി ഒമ്പത് മണിയോടെ അടക്കണമെന്ന നിമയം പ്രാബല്യത്തില്‍ വരുന്നതോടെ സ്വദേശി യുവതി യുവാക്കളെ ഈ മേഖലകളിലേക്ക് ആകര്‍ഷിക്കാനാകും.
സിവില്‍ സര്‍വീസ് മന്ത്രാലയം പുതിയ 'തൊഴില്‍ മൂല്യനിര്‍ണയ' രീതി നടപ്പാക്കാന്‍ എല്ലാ മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാരുടെ തൊഴില്‍ മികവ് മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രൂപം നല്‍കിയതാണ് പുതിയ മൂല്യ നിര്‍ണയ രീതി. ഇത് നടപ്പാകുന്നതോടെ ജീവനക്കാരെ മികവിന്റെ അടിസ്ഥാനത്തില്‍ തരം തിരിക്കാനാകും. ആനുകൂല്യങ്ങളും തൊഴില്‍ പ്രൊമോഷനും മറ്റും മൂല്യനിര്‍ണയത്തിന്റെ അടിസ്ഥാനത്തിലാണ് നടപ്പാക്കുക. സ്വദേശികള്‍ പൊതു മേഖലയില്‍ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണെന്ന് വിവിധ പഠനങ്ങള്‍ ഇതിന് മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പൊതു മേഖലയില്‍ തൊഴിലുകള്‍ ലഭ്യമല്ലാതെ വരികയും സ്വകാര്യ മേഖലയിലെ പരിഷ്ക്കരണം മൂലം വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാകുകയും ചെയ്യുമ്പോള്‍ തൊഴില്‍ വൈദഗ്ധ്യമുള്ള സ്വദേശി യുവതി യുവാക്കള്‍ സ്വകാര്യ മേഖലയിലേക്ക് ആകര്‍ഷിക്കപ്പെടുമെന്നും സാമ്പത്തിക നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.