LiveTV

Live

Gulf

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ജാസിമിന്റെ വസതിയിലേക്ക് ജനപ്രവാഹം

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ജാസിമിന്റെ വസതിയിലേക്ക് ജനപ്രവാഹം
Summary
വേര്‍പാടിന്റെ കണ്ണീരും നൊമ്പരവും ഈ മജ്‍ലിസിലെത്തിയാല്‍ അഭിമാനത്തിന് വഴിമാറും

ജാസിം ആല്‍ ബലൂഷി എന്ന പേര് ഇന്ന് യുഎയിഇലെ അറബികള്‍ക്കും മലയാളികള്‍ക്കും ധീരതയുടെ പര്യായമാണ്. തീപിടിച്ച എമിറേറ്റ്സ് വിമാനത്തിലെ മുന്നൂറോളം ജീവന്‍ രക്ഷിക്കാനുള്ള ദൗത്യത്തിനിടെ രക്തസാക്ഷിയായ ഈ യുഎഇ പൗരനുള്ള ആദരം അവസാനിക്കുന്നില്ല. ജാസിം വിടപറഞ്ഞ് അഞ്ചുദിവസം കഴിഞ്ഞെങ്കിലും റാസല്‍ഖൈമയിലെ അദ്ദേഹത്തിന്റെ വസതിയിലേക്ക് ജനപ്രവാഹമാണ്.

വേര്‍പാടിന്റെ കണ്ണീരും നൊമ്പരവും ഈ മജ്‍ലിസിലെത്തിയാല്‍ അഭിമാനത്തിന് വഴിമാറും. രാഷ്ട്ര നേതാക്കള്‍ മുതല്‍ സാധാരണക്കാര്‍ വരെ പല ദിക്കുകളില്‍ നിന്നായി ആരും ക്ഷണിക്കാതെ ഇവിടെയത്തെുന്നു. ജാസിം ഈസാ അല്‍ ബലൂഷിയെന്ന യുഎഇ പൗരന്റെ പിതാവിനും ബന്ധുക്കള്‍ക്കും അവര്‍ ഐക്യദാര്‍ഢ്യം നേരുന്നു. കഴിഞ്ഞ ദിവസം വരെ തങ്ങള്‍ക്ക് അപരിചിതനായിരുന്ന ഒരു മനുഷ്യനു വേണ്ടി മലയാളികളും ഇവിടേക്ക് പ്രവഹിക്കുന്നു. ഒരുപാട് മനുഷ്യരുടെ ജീവന്‍ രക്ഷിച്ച വീരപത്രനാണ് ഇവര്‍ക്ക് ജാസിം.

പ്രിയ പുത്രന്റെ വേര്‍പാടിലും ആത്മധൈര്യം കൈവിടാന്‍ ഒരുക്കമല്ല, ജാസിമിന്റെ പിതാവ്. ഒരു അറബ് പൗരന്റെ മരണം അടുത്ത കാലത്തൊന്നും മലയാളികളെ ഇത്രമാത്രം വേദനിപ്പിച്ചിരിക്കില്ല. റാസല്‍ഖൈമയിലെ ഖറാന്‍ ഗ്രാമത്തിന് ജാസിം അഗ്നിശമന സേനാംഗം മാത്രമായിരുന്നില്ല. ജീവകാരുണ്യസേവരംഗത്ത് ആ സാന്നിധ്യം അനുഭവിച്ചറിഞ്ഞവരാണ് ഈ നാട്ടുകാര്‍. അവര്‍ക്ക് മാത്രമല്ല, ദുരന്തത്തില്‍ ജീവന്‍ തിരിച്ചുകിട്ടിയ ഇരുനൂറിലധികം മലയാളികള്‍ക്കും ജാസിം ഇന്ന് ഏറ്റവും പ്രിയപ്പെട്ട ആരോക്കെയോ ആണ്.