LiveTV

Live

Gulf

സൌദിയിലെ നൗറസ് കൃത്രിമ ദ്വീപ് സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കി

സൌദിയിലെ നൗറസ് കൃത്രിമ ദ്വീപ് സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കി
Summary
സൌദിയിലെ യാമ്പു റോയല്‍ കമ്മീഷനിലെ ടൂറിസം മേഖലക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കി സജ്ജീകരിച്ച നൗറസ് കൃത്രിമ ദ്വീപ് സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കി

സൌദിയിലെ യാമ്പു റോയല്‍ കമ്മീഷനിലെ ടൂറിസം മേഖലക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കി സജ്ജീകരിച്ച നൗറസ് കൃത്രിമ ദ്വീപ് സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കി. ജുബൈല്‍ -യാമ്പു റോയല്‍ കമീഷന്‍ ചെയര്‍മാന്‍ അമീര്‍ സഊദ് ബിന്‍ അബ്ദുള്ള കഴിഞ്ഞ വാരം ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചതോ‌ടെ നിരവധി സന്ദര്‍ശകരാണ് ഓരോ ദിവസും ദ്വീപിലെത്തുന്നത്.

രണ്ട് ലക്ഷത്തി മുപ്പതിരണ്ടായിരത്തി എണ്ണൂറ് സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലാണ് ചെങ്കടലില്‍ മനോഹരമായ ദ്വീപ് സജ്ജീകരിച്ചത്. മനോഹരമായി സംവിധാനിച്ച ദ്വീപ്‌ യാമ്പുവിനെ സൌദി വിനോദ സഞ്ചാര ഭൂപടത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തും. രൂപത്തിലും ആകൃതിയിലും സംവിധാനത്തിലും തീര്‍ത്തും പുതുമകള്‍ നിലനിർത്തിക്കൊണ്ടാണ് ദ്വീപ്‌ നിർമ്മിച്ചിട്ടുള്ളത്. മുകളിൽ നിന്നുള്ള കാഴ്ച്ചയിൽ സാഗര നീലിമയിലേക്ക് ഇറ്റ്‌ വീഴുന്ന ഒരു ജല കണംപോലെയാണ് ഈ കൃത്രിമ ദ്വീപിന്റെ ആകൃതി. ദ്വീപിലേക്കുള്ള പാലവും അകത്തു ഒരുക്കിയിരിക്കുന്ന കുഞ്ഞു പാര്‍ക്കുകളും കടല്‍
തീരത്തെ ഇരിപ്പിടങ്ങളും സന്ദര്‍ശകരെ കൂടുതല്‍ ആകര്‍ഷിക്കുന്നു. ദ്വീപിനകത്ത് ഡൈവിംഗ് ക്ലുബ്ബുകളും പ്രമുഖ റെസ്റ്റോറന്റുകളും
ഔട്ട്‌ലെറ്റുകളും റിസോര്‍ട്ടുകളും മറ്റു സംവിധാനങ്ങളും ഉടന്‍ ആരംഭിക്കും. ഉദ്യാനങ്ങളുടെയും കളി സ്ഥലങ്ങളുടെയും നിർമ്മാണ ജോലികൾ അവസാന ഘട്ടത്തിലാണ്.

സ്കൂൾ അവധിക്കാലം ആരംഭിച്ചതോ‌ടെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കുടുംബ സമേതം ആളുകൾ എത്തിതുടങ്ങി. സായാഹ്നങ്ങളിലാണ് സ്വദേശികളും വിദേശികളുമായ സന്ദര്‍ശകര്‍ കൂടുതലായെത്തുന്നത്. വ്യവസായ നഗരമായ യാമ്പുവിലേക്ക് ടൂറിസ്റ്റുകളെയും വന്‍ സംരംഭകരെയും ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി റോയല്‍ കമീഷൻ വിവിധ പദ്ധതികൾ ആവിഷ്കരിച്ചു വരുന്നുണ്ട്. വർഷം തോറും നടന്നു വരാറുള്ള യാമ്പു പുഷ്പോത്സവം ഇതിനകം ലോക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.