LiveTV

Live

Gulf

സൌദിയില്‍ ഇനി തൊഴില്‍ കരാര്‍ ഓണ്‍ലൈന്‍ വഴി

സൌദിയില്‍ ഇനി തൊഴില്‍ കരാര്‍ ഓണ്‍ലൈന്‍ വഴി
Summary
ഓണ്‍ലൈന്‍ വഴി ഗാര്‍ഹിക ജോലിക്കാര്‍ക്കുള്ള വിസ അനുവദിക്കുന്ന സംവിധാനവും ഉടന്‍ നടപ്പിലാക്കും.

ഓണ്‍ലൈന്‍ വഴി തൊഴില്‍ കരാര്‍ രൂപപ്പെടുത്താനുള്ള സംവിധാനവും ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും സൗദി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴി ഗാര്‍ഹിക ജോലിക്കാര്‍ക്കുള്ള വിസ അനുവദിക്കുന്ന സംവിധാനവും ഉടന്‍ നടപ്പിലാക്കും. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ഓണ്‍ലൈന്‍ കരാറിന്റെ പരീക്ഷണ കോപ്പികള്‍ ഉടന്‍ പുറത്തിറക്കും. ഇതില്‍ ആവശ്യമായ പരിഷ്‌കരണം വരുത്തിയാണ് സംവിധാനം നിലവില്‍ വരിക. തൊഴിലാളിക്ക് സ്വന്തം രാജ്യത്തുവെച്ചുതന്നെ ഇത്തരം കരാര്‍ വായിക്കാനും വ്യവസ്ഥകളില്‍ യോജിക്കുന്ന സാഹചര്യത്തില്‍ കരാര്‍ രൂപപ്പെടുത്താനും സാധിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.

വീട്ടു ജോലിക്കാരെ മണിക്കൂര്‍ വേതന വ്യവസ്ഥയില്‍ നല്‍കാനുള്ള ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നതായും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. അംഗീകൃത റിക്രൂട്ടിങ് കമ്പനികളും ഏജന്‍സികളും മുഖേനയാണ് മണിക്കൂര്‍ വ്യവസ്ഥയില്‍ ജോലിക്കാരെ ലഭിക്കുക. മാസ ശമ്പളം വ്യവസ്ഥയിലും സ്ഥിരം സ്‌പോണ്‍സര്‍ഷിപ്പിലും ജോലിക്കാരെ ആവശ്യമില്ലാത്ത സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഈ സേവനം ഉപയോഗപ്പെടുത്താമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. വീട്ടു ജോലിക്കാരുടെ സേവനത്തിന് തൊഴില്‍ മന്ത്രാലയം ആരംഭിച്ച 'മുസാനിദ്' ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് മണിക്കൂര്‍ വേതനവ്യവസ്ഥയിലും ജോലിക്ക് നിര്‍ത്തേണ്ടത്. അംഗീകൃത റിക്രൂട്ടിങ് കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കും തൊഴില്‍ മന്ത്രാലയം അനുവദിച്ച നിര്‍ണിത എണ്ണം വിസയില്‍ നിന്നാണ് പരിശീലനം സിദ്ധിച്ച വീട്ടുവേലക്കാരെ കമ്പനികള്‍ കരാറടിസ്ഥാനത്തില്‍ തൊഴിലുടമകള്‍ക്ക് നല്‍കുക.