LiveTV

Live

Gulf

സ്വര്‍ണാഭരണ ഷോറൂം സ്വദേശിവത്കരണം; നിരവധി ജ്വല്ലറികള്‍ പൂട്ടി

സ്വര്‍ണാഭരണ ഷോറൂം സ്വദേശിവത്കരണം; നിരവധി ജ്വല്ലറികള്‍ പൂട്ടി
Summary
പരിശോധന ഭയന്ന് നൂറിലേറെ ജ്വല്ലറികള്‍ ഉടമസ്ഥര്‍ അടച്ചിട്ടു

സ്വര്‍ണാഭരണ സ്ഥാപനങ്ങളില്‍ വിദേശികളില്ലെന്ന് ഉറപ്പു വരുത്താനുള്ള പരിശോധന സൌദിയില്‍ ശക്തമായി തുടരുന്നു. സമ്പൂര്‍ണ സ്വദേശിവത്കരണം പാലിക്കാത്ത അന്‍പതിലേറെ ജ്വല്ലറികള്‍ പൂട്ടി. പരിശോധന ഭയന്ന് നൂറിലേറെ ജ്വല്ലറികള്‍ ഉടമസ്ഥര്‍ അടച്ചിട്ടു. ബിനാമി സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി ശക്തമാണ്.

ഈ മാസം മൂന്നിനാണ് സൌദിയില്‍ ജ്വല്ലറികളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം പ്രാബല്യത്തിലായത്. ഇതിന് പിന്നാലെയാണ് സാമൂഹ്യ തൊഴില്‍ മന്ത്രാലയത്തിന്റെ വ്യാപക പരിശോധന. സൌദിയിലാകെ 85 സംഘങ്ങളാണ് പരിശോധനയില്‍. ഓരോ സംഘത്തിലും ഏഴ് ഉദ്യോഗസ്ഥരുണ്ട്. സമ്പൂര്‍ണ സ്വദേശിവത്കരണത്തിലൂടെ ഇരുപതിനായിരം സ്വദേശികള്‍ക്ക് ജോലിയുറപ്പിക്കുകയാണ് ലക്ഷ്യം. ഒരു വിദേശിയെ ജോലിക്ക് നിര്‍ത്തിയാല്‍ ഇരുപതിനായിരം റിയാലാണ് പിഴ. വിദേശികള്‍ കൂടിയാല്‍ പിഴയും കൂടും. സ്വദേശിവത്കരണം പൂര്‍ത്തിയാക്കാത്ത അന്‍പതിലേറെ ജ്വല്ലറികള്‍ ഇതിനകം പൂട്ടിച്ചു.

അല്ജൌഫ് പ്രവിശ്യയില്‍ 12 ജ്വല്ലറികള്‍ക്കെതിരെ നടപടിയുണ്ടായി. ജീസാനില്‍ വിദേശികള്‍ ജോലി ചെയ്ത 21 ജ്വല്ലറികള്‍ പൂട്ടി. അസീറിലും മദീനയിലുമായി നാലു ജ്വല്ലറികള്‍ അടപ്പിച്ചു. താഇഫില്‍ 13 സ്ഥാപനങ്ങള്‍ക്ക് നേരെ നടപടിയുണ്ടായി. രാജ്യത്തൊട്ടാകെ നൂറോളം ജ്വല്ലറികള്‍ പരിശോധന തുടങ്ങിയതോടെ അടച്ചിട്ടിരുക്കുകയാണ്. അറ്റകുറ്റപ്പണിക്കായി അടച്ചുവെന്നാണ് വിശദീകരണം. ഇവിടങ്ങളില്‍ സ്വദേശിവത്കരണം പൂര്‍ത്തിയായിട്ടില്ലെന്നാണ് സൂചന. റിയാദ്, ജിദ്ദ, മക്ക , മദീന എന്നിവിടങ്ങളിലടക്കം രാജ്യത്തൊട്ടാകെ ഇതിനകം അഞ്ഞൂറിലേറെ കടകളില്‍ പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മന്ത്രാലത്തിന്റെ മുന്നറിയിപ്പുണ്ട്.