LiveTV

Live

Gulf

ഊര്‍ജ്ജ സബ്സിഡി ഘട്ടംഘട്ടമായി നിര്‍ത്തലാക്കുമെന്ന് സൗദി അറേബ്യ

ഊര്‍ജ്ജ സബ്സിഡി ഘട്ടംഘട്ടമായി നിര്‍ത്തലാക്കുമെന്ന് സൗദി അറേബ്യ
Summary
സബ്സിഡി പടിപടിയായി ഇല്ലാതാക്കുന്നതോടെ രാജ്യത്ത് എണ്ണ, വൈദ്യുതി നിരക്കുകള്‍ വര്‍ധിക്കും

ഊര്‍ജ്ജ സബ്സിഡി ഘട്ടംഘട്ടമായി എടുത്തുകളയുമെന്ന് സൗദി അറേബ്യ ഒരുങ്ങുന്നു. ബജറ്റ് കമ്മി കുറക്കാനാണ് ഈ തീരുമാനമെന്ന് ധനകാര്യമന്ത്രി. ഇതോടെ രാജ്യത്ത് ഇന്ധന വില ഉയരും. അന്താരാഷ്ട്ര നാണയനിധി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വാഷിങ്ടണിലെത്തിയെപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. സൗദി ഊര്‍ജ്ജ മേഖലയിലെ വിവിധ സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നുണ്ട്.

ഇത് ഘട്ടംഘട്ടമായി ഒഴിവാക്കുമെന്നാണ് ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ പറഞ്ഞത്. സബ്സിഡി പടിപടിയായി ഇല്ലാതാക്കുന്നതോടെ രാജ്യത്ത് എണ്ണ, വൈദ്യുതി നിരക്കുകള്‍ വര്‍ധിക്കും. എന്നാല്‍ വില വര്‍ധനവ് ഒറ്റയടിക്ക് നടപ്പാക്കാന്‍ സര്‍ക്കാറിന് ഉദ്ദേശ്യമില്ല. ബജറ്റ് കമ്മി കുറച്ചുകൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടികള്‍.

ദീര്‍ഘകാല പദ്ധതിയിലൂടെ സന്തുലിത ബജറ്റ് യാഥാര്‍ഥ്യമാക്കുക എന്നതാണ് ധനകാര്യ മന്ത്രാലയത്തിന്റെ ലക്ഷ്യം. നിലവില്‍ ഏറ്റവും കുറഞ്ഞ വിലയിലാണ് ഉപഭോക്താക്കള്‍ക്ക് സൗദിയില്‍ ഇന്ധനം ലഭിച്ചുകൊണ്ടിരിക്കുന്നത്. ദീര്‍ഘകാല പദ്ധിയിലൂടെ ഇത് അന്താരാഷ്ട്ര വിപണി വിലയോട് സമാനമായി പരിവര്‍ത്തിപ്പിക്കാനാണ് നീക്കം. എന്നാല്‍ അടുത്ത രണ്ട് വര്‍ഷത്തിനകം പൂര്‍ണമായും സബ്സിഡി എടുത്തുകളയാന്‍ ഉദ്ദേശിക്കുന്നില്ല. 2019ഓടെ സന്തുലിത ബജറ്റ് യാഥാര്‍ഥ്യമാക്കാനായി നടപടി വേഗത്തിലാക്കില്ല. എണ്ണ വിലയില്‍ 80 ശതമാനം വരെ വര്‍ധനവുണ്ടാവുമെന്ന് റോയിട്ടേഴ്സിനെ ഉദ്ദരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.