LiveTV

Live

Gulf

സൗദി ഹൈവേ ഇടത്താവളങ്ങളിലെ പെട്രോള്‍ പമ്പുകള്‍ക്കും ഇസ്തിറാഹകള്‍ക്കും പുതിയ നിബന്ധനകള്‍

സൗദി ഹൈവേ ഇടത്താവളങ്ങളിലെ പെട്രോള്‍ പമ്പുകള്‍ക്കും ഇസ്തിറാഹകള്‍ക്കും പുതിയ നിബന്ധനകള്‍
Summary
പെട്രോള്‍ പമ്പുകളുടെയും ഇസ്തിറാഹകളുടെയും ശുചിത്വം, സുരക്ഷ, സേവനമാനദണ്ഡം എന്നിവ മാനിച്ചാണ് പുതിയ നിബന്ധനകള്‍ തയ്യാറാക്കിയിരിക്കുന്നത്.

സൗദി ഹൈവേകളിലെ ഇടത്താവളങ്ങളിലുള്ള പെട്രോള്‍ പമ്പുകള്‍ക്കും ഇസ്തിറാഹകള്‍ക്കും തദ്ദേശഭരണ വകുപ്പ് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി. തദ്ദേശഭരണ മന്ത്രാലയത്തിന് പുറമെ, ആഭ്യന്തരം, വാണിജ്യം, ഗതാഗതം, ഊര്‍ജ്ജം എന്നീ മന്ത്രാലയങ്ങളും ടൂറിസം അതോറിറ്റിയും ചേര്‍ന്നാണ് നിബന്ധനകള്‍ തയ്യാറാക്കിയിരിക്കുന്നത്. പുതിയ നിബന്ധനകള്‍ നടപ്പാക്കാന്‍ പമ്പ് ഉടമകള്‍ക്ക് ആറ് മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ടെന്നുംമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

പെട്രോള്‍ പമ്പുകളുടെയും ഇസ്തിറാഹകളുടെയും ശുചിത്വം, സുരക്ഷ, സേവനമാനദണ്ഡം എന്നിവ മാനിച്ചാണ് പുതിയ നിബന്ധനകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ ചില നിബന്ധനകള്‍ ലംഘിച്ചാല്‍ പിഴ ചുമത്തുന്നതോടൊപ്പം പമ്പുകള്‍ അടപ്പിക്കുമെന്നും മന്ത്രാലയത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ശൗച്യാലയങ്ങള്‍ വൃത്തിയില്ലാതിരിക്കുക, ആവശ്യത്തിന് വെള്ളം ഇല്ലാതിരിക്കുക, 25 ശതമാനം ഫ്ലഷുകള്‍ പ്രവര്‍ത്തിക്കാതിരിക്കുക, ലിക്വിഡ് സോപ്പ് ലഭ്യമല്ലാതിരിക്കുക, ഭിന്നശേഷിക്കാര്‍ക്ക് ഒരു ടോയിലറ്റെങ്കിലും സജ്ജീകരിക്കാതിരിക്കുക, പള്ളികളില്‍ എയര്‍കണ്ടീഷന്‍ ഘടിപ്പിക്കാതിരിക്കുക, 25 ശതമാനം എയര്‍കണ്ടീഷന്‍ പ്രവര്‍ത്തിക്കാതിരിക്കുക, പള്ളി ശുചീകരണത്തിന് ജോലിക്കാരനെ നിയമിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനത്തിന് പമ്പുകള്‍ പൂര്‍ണമായും അപ്പിക്കും.

മാലിന്യ കൊട്ട സ്ഥാപിക്കാതിരിക്കുക, കടകളിലെ സാധനങ്ങളുടെ പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുക, പള്ളി കാര്‍പറ്റുകള്‍ വൃത്തിയില്ലാതിരിക്കുക, സുരക്ഷയുമായി ബന്ധപ്പെട്ട് സിവില്‍ ഡിഫന്‍സിന്റെയോ ഹോട്ടലുകളുമായി ബന്ധപ്പെട്ട ടൂറിസം അതോറിറ്റിയുടെയോ നിബന്ധനകള്‍ പാലിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനത്തിന് തല്‍ക്കാലത്തേക്ക് പമ്പ് അടപ്പിച്ച് പിഴ ചുമത്തുമെന്നും തദ്ദേശഭരണ വകുപ്പിന്റെ വിശദീകരണത്തില്‍ പറയുന്നു. നിബന്ധനകളുടെ വിശദാംശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ രാജ്യത്തെ എല്ലാ നഗര, ഗ്രാമസഭകള്‍ക്കും അയച്ചിട്ടുണ്ട്.