LiveTV

Live

Gulf

നഷ്ടപ്പെട്ട എമിറേറ്റസ് ഐഡി യുവാവിന് നല്‍കിയത് ലക്ഷങ്ങളുടെ മൊബൈല്‍ ബില്ല്

Summary
തൃശൂര്‍ കുന്ദംകുളം സ്വദേശി രഞ്ജിത്തിന്റെ പേഴ്സ് കഴിഞ്ഞവര്‍ഷം നവംബറില്‍ ദുബൈയിലെ അല്‍ഖൂസില്‍ ആരോ പോക്കറ്റടിച്ചു

നഷ്ടപ്പെട്ട യു.എ.ഇ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് തന്റെ പേരില്‍ അജ്ഞാതര്‍ എടുത്ത മൊബൈല്‍ കണക്ഷനുകള്‍ ദുബൈയില്‍ മലയാളി യുവാവിനെ വേട്ടയാടുന്നു. താനറിയാതെ ആരോ ഉപയോഗിച്ച നാല് കണക്ഷനുകള്‍ക്ക് ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപ ബില്ലടക്കേണ്ട ഗതികേടിലാണ് ഈ തൃശൂര്‍ സ്വദേശി.

തൃശൂര്‍ കുന്ദംകുളം സ്വദേശി രഞ്ജിത്തിന്റെ പേഴ്സ് കഴിഞ്ഞവര്‍ഷം നവംബറില്‍ ദുബൈയിലെ അല്‍ഖൂസില്‍ ആരോ പോക്കറ്റടിച്ചു. തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്സ് ഐഡിയും അന്ന് നഷ്ടപ്പെട്ടു. ഇക്കാര്യം കമ്പനിയില്‍ അറിയിച്ച് ആഴ്ചകള്‍ക്കകം പുതിയ ഐഡി സ്വന്തമാക്കി. രണ്ടുമാസം നാട്ടില്‍ അവധിക്ക് പോയി മാര്‍ച്ചില്‍ തിരിച്ചുവന്നപ്പോള്‍ ടെലികോം കമ്പനിയായ ഡുവില്‍ നിന്ന് ഫോണ്‍ കോള്‍. രണ്ട് പോസ്റ്റ് പെയ്ഡ് കണക്ഷനുകളുടെ 3748 ദിര്‍ഹം ബില്ലടക്കണമെന്ന്. ഇതിന്റെ ഞെട്ടല്‍ മാറും മുന്പേ ടെലികോം കമ്പനിയായ ഇത്തിസലാത്തില്‍ നിന്നും അറിയിപ്പെത്തി. 5600 ദിര്‍ഹം ബില്ലടക്കാന്‍. വ്യാജ സാലറി സര്‍ട്ടിഫിക്കറ്റാണ് കണക്ഷന് ഹാജരാക്കിയിരിക്കുന്നത്. നാല് പോസ്റ്റ് പെയ്‍ഡ് കണക്ഷനില്‍ നിന്നും ഇറ്റലി, ജര്‍മനി തുടങ്ങി യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് കോള്‍ പോയിരിക്കുന്നത്. എമിറേറ്റ്സ് ഐഡി നഷ്ടപ്പെട്ട വിവരം പൊലീസില്‍ അറിയിക്കാത്തതിനാല്‍ പൊലീസും രഞ്ജിത്തിന്റെ പരാതി സ്വീകരിച്ചിട്ടില്ല.

സംഭവത്തില്‍ ദുരൂഹതകള്‍ നിരവധിയാണ്. വിരലടയാള രേഖകള്‍ ഇല്ലാതെ എങ്ങനെ തട്ടിപ്പുകാര്‍ പോസ്റ്റ്പെയ്‍ഡ് കണക്ഷന്‍ എടുത്തു. പകരം ലഭിച്ച എമിറേറ്റസ് ഐഡി കൈയിലിരിക്കെ എങ്ങനെ പഴയകാര്‍ഡിലെ വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ഉപയോഗിക്കാന്‍ സാധിച്ചു തുടങ്ങി നിരധി ചോദ്യങ്ങള്‍ ബാക്കിയാണ്. ഫോണ്‍ ഉപയോഗിച്ചതാകട്ടെ രഞ്ജിത് നാട്ടിലുള്ള സമയത്തുമാണ്. പക്ഷെ, ഈ തെളിവുകള്‍ സ്വീകരിക്കാന്‍ ടെലികോം കമ്പനികള്‍ തയാറല്ല. മാസങ്ങളായി ഈ ബില്ലുകള്‍ രഞ്ജിത്തിനെ വേട്ടയാടുകയാണ്.

ഒന്നുകില്‍ തട്ടിപ്പുകാരെ പിടികൂടണം, അല്ലെങ്കില്‍ ടെലികോം കമ്പനികള്‍ ബില്ല് എഴുതി തള്ളണം. ദുബൈ നിവാസികള്‍ക്ക് വലിയൊരു പാഠമാണ് രഞ്ജിത്തിന്റെ അനുഭവം. എമിറേറ്റസ് ഐഡി തട്ടിയെടുത്ത് മൊബൈല്‍ കണക്ഷന്‍.