LiveTV

Live

Gulf

ത്രീഡി പ്രിന്‍റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച ആദ്യ കെട്ടിടം ദുബൈയില്‍ തുറന്നു

ത്രീഡി പ്രിന്‍റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച ആദ്യ  കെട്ടിടം ദുബൈയില്‍ തുറന്നു
Summary
ത്രീഡി പ്രിന്‍റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച ലോകത്തെ ആദ്യ ഓഫിസ് കെട്ടിടം ദുബൈയില്‍ തുറന്നു. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച ലോകത്തെ ആദ്യ ഓഫിസ് കെട്ടിടം ദുബൈയില്‍ തുറന്നു. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ദുബൈ ഫ്യൂചര്‍ ഫൗണ്ടേഷന്റെ താല്‍ക്കാലിക ഓഫിസായിരിക്കും ഈ അപൂര്‍വ കെട്ടിടം. മിറേറ്റ്സ് ടവറിന് സമീപമാണ് ത്രീഡി പ്രിന്റിംഗ് സാങ്കേതികവിദ്യയിലൂടെ ആദ്യത്തെ ഓഫിസ് കെട്ടിടം നിര്‍മിച്ചത്. ദുബൈയില്‍ ത്രീഡി പ്രിന്‍റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത് വ്യാപകമാക്കാനുള്ള പദ്ധതി നേരത്തെ ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചിരുന്നു. ത്രീഡി സാങ്കേതിക വിദ്യയിലൂടെ രൂപകല്‍പന ചെയ്ത് റോബോര്‍ട്ടുകള്‍ നിര്‍മിക്കുന്ന കെട്ടിടഭാഗങ്ങള്‍ പിന്നീട് കൂട്ടിച്ചേര്‍ത്താണ് ത്രീഡി പ്രിന്റിംഗ് ബില്‍ഡിങ്ങുകള്‍ നിര്‍മിക്കുന്നത്. 20 അടി ഉയരവും, 120 അടി നീളവും 40 അടി വീതിയുമുള്ള ത്രീഡി പ്രിന്ററാണ് കെട്ടിട നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്.

2030 ഓടെ ത്രീഡി പ്രിന്റിംഗ് കെട്ടിടനിര്‍മാണത്തിന്റെ കേന്ദ്രമായി ദുബൈയെ മാറ്റാനാണ് ലക്ഷ്യം. ദുബൈയുടെ ത്രീഡി പ്രിന്റിംഗ് നയം പ്രഖ്യാപിച്ച് ഒരു മാസത്തിനകമാണ് ലോകത്ത് ആദ്യമായി ഇത്തരത്തില്‍ നിര്‍മിച്ച ഓഫിസ് കെട്ടിടം ദുബൈയില്‍ തുറന്നത്. 250 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ളതാണ് ഈ ഓഫിസ് കെട്ടിടം. ഇവിടെ എക്സിബിഷനുകള്‍ക്കും, ശില്‍പശാലകള്‍ സംഘടിപ്പിക്കുന്നതിനും സൗകര്യമുണ്ടാകും. കെട്ടിട നിര്‍മാണത്തിന് പുറമെ ഔഷധ നിര്‍മാണം, ഉപഭോഗവസ്തുക്കള്‍ എന്നീ രംഗങ്ങളില്‍ കൂടി ത്രീഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിക്കാനാണ് ദുബൈയുടെ തീരുമാനം.