LiveTV

Live

Gulf

ഹൂതികളുടെ മിസൈല്‍ ആക്രമണം; ശക്തമായി തിരിച്ചടിക്കാന്‍ സൗദി ഒരുങ്ങുന്നു

ഹൂതികളുടെ മിസൈല്‍ ആക്രമണം; ശക്തമായി തിരിച്ചടിക്കാന്‍ സൗദി ഒരുങ്ങുന്നു
Summary
ഹൂതികൾക്ക് ആയുധമെത്തിക്കുന്നതിന് പ്രതിസ്ഥാനത്തുള്ള ഇറാനെതിരെ സൗദി ശക്തമായി നീങ്ങുമെന്നാണ് വിലയിരുത്തൽ.

ഏഴു മിസൈലുകൾ ഒന്നിച്ചയച്ച ഹൂതികൾക്കെതിരെ സൗദി നിലപാട് കടുപ്പിച്ചേക്കും. യമൻ ആഭ്യന്തര യുദ്ധം തുടങ്ങിയ ശേഷം ഹൂതി മിസൈലാക്രമണത്തെ തുടർന്ന് ഒരാൾ സൗദിയിൽ കൊല്ലപ്പെടുന്നത് ആദ്യമാണ്. ഹൂതികൾക്ക് ആയുധമെത്തിക്കുന്നതിന് പ്രതിസ്ഥാനത്തുള്ള ഇറാനെതിരെ സൗദി ശക്തമായി നീങ്ങുമെന്നാണ് വിലയിരുത്തൽ.

അഞ്ച് വർഷം പിന്നിട്ട യമൻ ആഭ്യന്തര യുദ്ധത്തിൽ ഇതുവരെ 90 ലേറെ മിസൈലുകൾ സൗദിയിലേക്ക് അയച്ചിട്ടുണ്ട് ഹൂതികൾ. ഇവയെല്ലാം അതിർത്തിയിലോ ആകാശത്തോ വെച്ചോ തകർത്തു. ഇതുവരെ ഒന്നും നിലം തൊട്ടിട്ടിലെന്ന് വ്യോമസേന പറയുന്നു. ഇന്നലെയുണ്ടായ മരണം പോലും ആകാശത്ത് വെച്ച് തകർത്തതിന്‍റെ അവശിഷ്ടം പതിച്ചാണ്. ജനവാസ മേഖല ലക്ഷ്യം വെച്ചെത്തിയ മിസൈലുകളയച്ച ഹൂതി തീവ്രവാദികളെ സൗദി ശക്തമായി തിരിച്ചടിക്കുമെന്ന് ഉറപ്പ്. ഒപ്പം ഇതാദ്യമായാണ് എഴു മിസൈലുകൾ ഒന്നിച്ചയക്കുന്നതും. ഈ വർഷം ഇതോടെ പത്ത് മിസൈലുകളാണ് സൗദി ലക്ഷ്യം വെച്ചെത്തിയത്. ഇതും ഗൗരവത്തിലെടുത്തിട്ടുണ്ട് സഖ്യസേന.

ഹൂതികൾക്ക് ആയുധം എത്തിക്കുന്നത് ഇറാനാണെന്നതിന് സൗദിയും അമേരിക്കയും നേരത്തെ തെളിവുകൾ പുറത്തുവിട്ടിരുന്നു. ഈ സാഹചര്യത്തിൽ അറബ് സഖ്യസേന ഇറാനെതിരെ എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് നിർണായകം. കഴിഞ്ഞ മാസം നജ്റാനിൽ മിസൈലാക്രമണം നടന്നിരുന്നു. ഇതിന് പിന്നാലെ സൗദി ഹൂതികളുടെ മിസൈൽ വിക്ഷേപണ കേന്ദ്രം തകർത്തു. മുപ്പതിലേറെ ഹൂതി തീവ്രവാദികളെ വധിക്കുകയും ചെയ്തു. പുതിയ ആക്രമണത്തോടെ ഇറാനും ഹൂതികൾക്കും സൗദിയുടെ തിരിച്ചടിയെങ്ങനെയാകുമെന്ന് പറയാനാകില്ല.